അഴിമതി: നെതന്യാഹുവിന്‍റെ രാജിക്ക് വേണ്ടി ജനം തെരുവിൽ
text_fields
തെൽഅവീവ്: അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് വീണ്ടും ജനം തെരുവിൽ. പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിലാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പൊലീസ് നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു.
പ്രസിഡന്‍റ് റുവെൻ റിവ് ലിന്‍റെ വസതിയിലേക്കും പ്രതിഷേധക്കാരുടെ സംഘം പ്രകടനം നടത്തി. ശനിയാഴ്ച മാത്രം നെതന്യാഹുവിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ 50,000ലധികം പേർ പങ്കെടുത്തെന്നാണ് മാധ്യമ റിപ്പോർട്ട്.
ഇടതുപക്ഷക്കാരും അരാജകവാദികളുമാണ് തനിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് നെതന്യാഹു ആരോപിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് പ്രതിഷേധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവിത ചെലവ് ക്രമാധീതമായി വർധിച്ചതോടെ 2011ൽ സർക്കാറിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന വലിയ പ്രക്ഷോഭമാണ് നെതന്യാഹുവിനെതിരെ ഉള്ളത്. കോവിഡ് പ്രതിരോധത്തിലും സർക്കാർ പരാജയപ്പെട്ടെന്ന് പ്രക്ഷോഭകർ ആരോപിക്കുന്നു. കോവിഡിനെ നേരിടാൻ ഫലപ്രദമായ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാറിന് സാധിച്ചിരുന്നില്ല.
അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്തെന്ന ആരോപണത്തിൽ നെതന്യാഹുവിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

