ലബനാനിൽ ഇസ്രായേൽ നിരോധിത വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്
text_fieldsബൈറൂത്: ദക്ഷിണ ലബനാനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ (എച്ച്.ആർ.ഡബ്ല്യൂ) റിപ്പോർട്ട്. ഈ മാസം ആദ്യമുണ്ടായ ആക്രമണങ്ങളിൽ സിവിലിയന്മാരെ അപകടത്തിലാക്കുന്ന രീതിയിൽ മാരകമായ രാസായുധം ഉപയോഗിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ദക്ഷിണ ലബനാനിലെ യഹ്‌മോർ ഗ്രാമത്തിൽ ജനവാസ കേന്ദ്രങ്ങൾക്ക് മുകളിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ പതിക്കുന്നതിന്റെ ഏഴ് ചിത്രങ്ങൾ തങ്ങൾ സ്ഥിരീകരിച്ചതായി സംഘടന അറിയിച്ചു. മാർച്ച് മൂന്നിനുണ്ടായ ഈ ആക്രമണത്തിൽ രണ്ട് വീടുകൾക്ക് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം നിയമവിരുദ്ധമായി വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത് സിവിലിയന്മാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എച്ച്.ആർ.ഡബ്ല്യൂ ലബനാൻ ഗവേഷകൻ റംസി ഖൈസ് പറഞ്ഞു. വൈറ്റ് ഫോസ്ഫറസ് ശരീരത്തിൽ തട്ടിയാൽ മാരകമായ പൊള്ളലിനും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന ഈ രാസവസ്തു വീടുകൾക്കും കൃഷിയിടങ്ങൾക്കും വൻ നാശനഷ്ടമുണ്ടാക്കുന്നതാണ്. അന്താരാഷ്ട്ര മാനുഷിക നിയമമനുസരിച്ച് ജനസാന്ദ്രതയുള്ള ഇടങ്ങളിൽ ഇത്തരം ആയുധങ്ങൾ പ്രയോഗിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരാവുന്ന കുറ്റകൃത്യമാണ്. ലബനീസ് മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങൾ വിശകലനം ചെയ്ത എച്ച്.ആർ.ഡബ്ല്യൂ, എം.825 സീരീസിലുള്ള 155 എം.എം ആർട്ടിലറി ഷെല്ലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. യഹ്‌മോറിലെ വീടുകളുടെ മേൽക്കൂരയിലും കാറുകളിലും പടർന്ന തീ അണക്കാൻ സിവിൽ ഡിഫൻസ് ടീം ശ്രമിക്കുന്ന ചിത്രങ്ങളും സംഘടന ജിയോ ലൊക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേലിന് ആയുധങ്ങൾ നൽകുന്ന അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സൈനിക സഹായം ഉടൻ നിർത്തലാക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 394 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം അഞ്ചു ലക്ഷത്തിലധികം ആളുകൾ ലബനാനിൽ നിന്ന് പലായനം ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ 2023 ഒക്ടോബറിനും 2024 മെയ് മാസത്തിനുമിടയിൽ ദക്ഷിണ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രായേൽ സമാനമായ രീതിയിൽ വെളുത്ത ഫോസ്ഫറസ് ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

