ഗസ്സയിൽ ഹമാസിന്‍റെ വലിയ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേൽ
text_fieldsഇസ്രായേൽ സൈന്യം പുറത്തുവിട്ട വിഡിയോ ദൃശ്യത്തിൽ നിന്ന്
ഗസ്സ: ഹമാസിന്‍റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി അവകാശപ്പെട്ട് ഇസ്രായേൽ സേന. നാല് കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്‍റെ കവാടം എറിസ് അതിർത്തിയിൽ നിന്ന് 400 മീറ്റർ അടുത്താണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) പറഞ്ഞു.
തുരങ്കത്തിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഐ.ഡി.എഫ് പങ്കുവെച്ചു. ഹമാസ് പകർത്തിയ ദൃശ്യങ്ങൾ സൈന്യം പിടിച്ചെടുത്തതാണെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. ചെറിയ വാഹനങ്ങൾക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും. വർഷങ്ങളെടുത്താണ് നിർമാണമെന്നും അഴുക്കുചാലും വൈദ്യുതിയും റെയിലുമടക്കമുള്ള സംവിധാനങ്ങൾ തുരങ്കത്തിനുള്ളിലുണ്ടെന്നും സേന അറിയിച്ചു.
ഹമാസ് നേതാവ് യഹ്‍യ സിൻവറിന്‍റെ സഹോദരൻ മുഹമ്മദ് സിൻവറാണ് നിർമാണത്തിന് നേതൃത്വം നൽകിയതെന്ന് ഐ.ഡി.എഫ് പറഞ്ഞു.
അതേസമയം, ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലും നുസൈറത്ത് അഭയാർഥി ക്യാമ്പിലും ഞായറാഴ്ച രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടു. ഹനീൻ അലി അൽ-ഗുത്ഷാൻ എന്ന മാധ്യമപ്രവർത്തകയും നുസൈറത്ത് ക്യാമ്പിൽ കൊല്ലപ്പെട്ടവരിലുൾപ്പെടും. അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചു.
ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസ്സർ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ മാതൃകേന്ദ്രത്തിന്‍റെ ചുവരിലാണ് ഇസ്രായേൽ ഷെൽ പതിച്ചത്. വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദം വകവെക്കാതെയാണ് ഗസ്സയിൽ മനുഷ്യത്വരഹിത ആക്രമണം ഇസ്രായേൽ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

