ഹമാസിന്റെ പിന്തുണയിടിക്കാൻ തീവ്രശ്രമവുമായി ഇസ്രായേൽ
text_fieldsഗസ്സ: ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണയേറുന്നതായി അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഹമാസിന്റെ പിന്തുണയിടിക്കാൻ തീവ്രശ്രമവുമായി ഇസ്രായേൽ.
ക്രൂരമായ ആക്രമണം നടത്തിയും ഭക്ഷണവും കുടിവെള്ളവും വിലക്കിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ അവർ ഹമാസിനെതിരെ തിരിയുമെന്ന പ്രതീക്ഷ ഇസ്രായേലിനുണ്ടായിരുന്നു. ഹമാസ് നേതാവ് യഹ്‍യ സിൻവാറിനുവേണ്ടി മരിക്കാൻ നിൽക്കരുതെന്നും ഹമാസിനെ കീഴടക്കാൻ സഹായിച്ചാൽ ഗസ്സയെ സ്വർഗമാക്കിത്തരാമെന്നും ഗസ്സയിൽ ഇസ്രായേൽ സൈന്യം ആകാശത്തുനിന്ന് വിതറിയ ലഘുലേഖയിൽ പറഞ്ഞിരുന്നു. അതേസമയം, ഇത് ഏശുന്നില്ലെന്നാണ് സൂചന.
വടക്കൻ ഗസ്സയിൽനിന്ന് തെക്കോട്ടു പോയാൽ നിങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞ് ആട്ടിപ്പായിച്ച ശേഷം തെക്കൻ ഗസ്സയിലും ബോംബാക്രമണം നടത്തിയ ഇസ്രായേലിനെ ഫലസ്തീനികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പലായനം ചെയ്യുന്നവർക്കുനേരെയും ആക്രമണമുണ്ടായി. യുദ്ധം പുരോഗമിക്കുമ്പോൾ ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണ വർധിക്കുന്നതായാണ് ഫലസ്തീനിയൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച് നടത്തിയ സർവേ ഫലം സൂചിപ്പിക്കുന്നത്. നേരത്തേ ഹമാസിന് പിന്തുണ കുറവായിരുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലാണ് പിന്തുണയിൽ വൻ കുതിപ്പുണ്ടായത്. വോട്ടെടുപ്പിൽ പങ്കെടുത്ത 44 ശതമാനം പേരും ഹമാസിനെ പിന്തുണച്ചു. സെപ്റ്റംബറിൽ 12 ശതമാനം മാത്രമായിരുന്നു പിന്തുണ.
ഗസ്സയിൽ മൂന്നുമാസം മുമ്പത്തെ 38 ശതമാനത്തിൽനിന്ന് 42 ശതമാനമായി പിന്തുണ ഉയർന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 90 ശതമാനം പേരും പാശ്ചാത്യ പിന്തുണയുള്ള ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ മിന്നൽ ആക്രമണമാണ് തങ്ങളുടെ ദുരിതത്തിന് കാരണമെന്ന് ഭൂരിഭാഗം ഫലസ്തീനികളും കരുതുന്നില്ല. ഹമാസിന് സ്വാധീനമില്ലാത്ത വെസ്റ്റ് ബാങ്കിലും 500ലേറെ ഫലസ്തീനികളെ രണ്ടു വർഷത്തിനിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഒക്ടോബർ ഏഴിനു മുമ്പുതന്നെ 6000ത്തിലേറെ ഫലസ്തീനികൾ ഇസ്രായേലിന്റെ തടവറയിലായിരുന്നു. അധിനിവേശത്തിലൂടെ തങ്ങളുടെ ഭൂമി കവരുന്ന ഇസ്രായേലിനെ ചെറുത്തുനിൽക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് അവർ കരുതുന്നത്.
ഒറ്റുകാർക്ക് കോടികൾ വാഗ്ദാനം
ഗസ്സ: ഹമാസ് നേതാക്കളെ പിടികൂടാൻ സഹായിക്കുന്നവർക്ക് വൻ വാഗ്ദാനവുമായി ഇസ്രായേൽ. ഏറ്റവും പ്രമുഖ നേതാവ് യഹ്‍യ സിൻവാറിന് നാലു ലക്ഷം ഡോളറാണ് (ഏകദേശം 3.3 കോടി രൂപ) വിലയിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് സിൻവാറിനെ കുറിച്ച് വിവരം നൽകിയാൽ മൂന്നു ലക്ഷം ഡോളറും റാഫിഅ് സലാമയെ കുറിച്ച് വിവരം നൽകിയാൽ രണ്ടു ലക്ഷം ഡോളറും അൽ ഖസ്സാം ബ്രിഗേഡ് തലവൻ മുഹമ്മദ് ദൈഫിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം ഡോളറുമാണ് വാഗ്ദാനം. ഗസ്സയിൽ ഹമാസിന്റെ ശക്തിയും സ്വാധീനവും അവസാനിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ നല്ല ഭാവിക്കുവേണ്ടി ചില വിവരങ്ങൾ നൽകണമെന്നും അറബി ലഘുലേഖയിൽ ആമുഖമായി പറഞ്ഞാണ് ഒറ്റിക്കൊടുക്കുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്തത്. അവരുടെ പേരുവിവരം പുറത്തുവിടില്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

