'ഇസ്രായേൽ ഫലസ്തീനികളുടെ മണ്ണ് പിടിച്ചെടുത്തു; ശക്തരെന്ന അഹങ്കാരത്തിൽ എന്തും ചെയ്യാമെന്ന നിലപാടിലാണവർ'- ഒബാമ
text_fieldsബരാക് ഒബാമ
ബെൽഫാസ്റ്റ്: ഫലസ്തീനികളുടെ ഭൂമി കൈയേറുകയും അവരുടെ അവകാശങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തതിലൂടെ ഇസ്രായേലിന് തങ്ങളുടെ ധാർമ്മിക അടിത്തറ നഷ്ടപ്പെട്ടതായി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. വടക്കൻ അയർലൻഡിലെ ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തക സൂസൻ മക്കെയുമായി നടത്തിയ സംഭാഷണത്തിലാണ് ഒബാമ ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ തന്റെ നിലപാട് തുറന്നുപറഞ്ഞത്. മധ്യപൂർവേഷ്യൻ വിഷയത്തിൽ നിലവിലുള്ള അതിക്രമങ്ങൾ അവസാനിപ്പിച്ച് ശാശ്വതമായ സമാധാനത്തിലേക്ക് നീങ്ങാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ്റാണ്ടുകളായി യൂറോപ്പിൽ ഉൾപ്പെടെ വംശീയ അധിക്ഷേപങ്ങൾക്കും കൂട്ടക്കൊലകൾക്കും ഇരയായ ജൂതജനം സ്വന്തമായി ഒരു സുരക്ഷിത ഇടം അന്വേഷിച്ചത് സ്വാഭാവികമാണെന്ന് ഒബാമ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ പേരിൽ അവിടുത്തെ പ്രാദേശിക ജനവിഭാഗമായ ഫലസ്തീനികളുടെ മണ്ണ് പിടിച്ചെടുക്കുകയും സാംസ്കാരികമായും സൈനികമായും അവരെ അടിച്ചമർത്തുകയും ചെയ്തപ്പോൾ, 'ഇത് അനീതിയാണെന്നും ഞങ്ങളുടെ മണ്ണ് തിരികെ വേണമെന്നും' ഫലസ്തീനികൾ ആവശ്യപ്പെട്ടതിൽ തെറ്റുപറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"സാങ്കേതികമായും സൈനികമായും മേഖലയിൽ നമ്മളാണ് ഏറ്റവും ശക്തർ എന്ന അഹങ്കാരത്തിൽ, ആർക്കും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എന്തും ചെയ്യാമെന്ന നിലപാടാണ് ഇസ്രായേൽ സ്വീകരിക്കുന്നതെങ്കിൽ, അത് ഹ്രസ്വകാലത്തേക്ക് സഹായിച്ചേക്കാം. എന്നാൽ അത്തരം ഒരു നിലപാടിലൂടെ നിങ്ങൾക്ക് ലഭിക്കേണ്ട ധാർമ്മികമായ മേൽക്കൈ തികച്ചും നഷ്ടപ്പെട്ടു കഴിഞ്ഞു," എന്ന് ഒബാമ കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇസ്രായേലിലെ വരുന്ന തലമുറകൾ എങ്ങനെ ജീവിക്കണമെന്ന് ഭരണകൂടവും ജനങ്ങളും പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂറ്റൻ സുരക്ഷാ മതിലുകൾക്ക് ഉള്ളിൽ ഒളിച്ചിരുന്ന് ചുറ്റുമുള്ള എല്ലാവരെയും ഇല്ലാതാക്കി സുരക്ഷിതരായിരിക്കാം എന്ന് കരുതുന്നത് പ്രായോഗികമല്ല. ഉയർന്ന ധാർമ്മികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ തയ്യാറാകണമെന്ന് ഒബാമ ഓർമ്മിപ്പിച്ചു.
അതോടൊപ്പം തന്നെ ഫലസ്തീനികൾക്കും ഒബാമ ഉപദേശം നൽകി. അക്രമത്തിലൂടെയോ ആയുധബലത്തിലൂടെയോ ഇസ്രായേലിനെ കീഴ്പ്പെടുത്താൻ ഫലസ്തീനികൾക്ക് സാധിക്കില്ലെന്ന് അവർ തിരിച്ചറിയണം. സമാധാനപരമായ മാറ്റങ്ങൾക്ക് അഹിംസയുടെ മാർഗ്ഗം സ്വീകരിച്ച ചരിത്രപരമായ ഉദാഹരണങ്ങൾ പിന്തുടരണമെന്നും ഇതിന് സമയമെടുക്കുമെങ്കിലും ഇതാണ് ഒരേയൊരു ശാശ്വത പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

