ഫലസ്തീനിൽ അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം കൈമാറിയാൽ റഫ അതിർത്തി തുറക്കുമെന്ന് ഇസ്രായേൽ
text_fieldsതെൽ അവീവ്: ഫലസ്തീനിൽ അവശേഷിക്കുന്ന അവസാനത്തെ ഇസ്രായേലി ബന്ദിയുടെ മൃതദേഹം തിരികെ നൽകിയാൽ ഗസ്സയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ റഫ അതിർത്തി ഭാഗികമായി തുറന്നു കൊടുക്കാമെന്ന് ഇസ്രായേൽ. മാസങ്ങളായി തുടരുന്ന ഉപരോധത്തിന് നേരിയ ഇളവ് വരുത്താനുള്ള തീരുമാനം കർശനമായ ഉപാധികളോടെയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രഖ്യാപിച്ചത്.
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന റാൻഗ്വിലിയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. നിലവിൽ വടക്കൻ ഗസ്സയിലെ യെല്ലോ ലൈനിന് സമീപമുള്ള സെമിത്തേരിയിൽ ഇസ്രായേൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഇതിനിടെ ഗ്വിലിയുടെ മൃതദേഹം എവിടെയുണ്ടാകാം എന്നത് സംബന്ധിച്ച സുപ്രധാന രഹസ്യാന്വേഷണ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇസ്രായേൽ സൈനികന്റെ മൃതദേഹം എവിടെയുണ്ടെന്ന വിവരം കൈമാറിയതായും വെടിനിർത്തൽ കരാർ പ്രകാരമുള്ള തങ്ങളുടെ എല്ലാ ബാധ്യതകളും നിറവേറ്റിയതായും ഹമാസ് അറിയിച്ചു.
ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ തുറക്കേണ്ടിയിരുന്ന റഫ അതിർത്തി, ആളുകളുടെ യാത്രക്കായി മാത്രമായിരിക്കും തുറക്കുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനും, മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി തിരികെ നൽകുന്നതിനും ഹമാസിന്റെ ഭാഗത്തുനിന്നും നൂറ് ശതമാനം പരിശ്രമമുണ്ടാകണം എന്ന ഉപാധിയോടെയാണ് ഈ നീക്കമെന്നും ഓഫീസ് വ്യക്തമാക്കി.
എന്നാൽ ഫലസ്തീനികളെ ഗസ്സയിൽ നിന്ന് കൂട്ടത്തോടെ പുറത്താക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമാണിതെന്നും ചരക്കുനീക്കം അനുവദിക്കാതെ കാൽനടയാത്ര മാത്രം അനുവദിക്കുന്നത് ഗസ്സയിലെ ദുരിതം വർധിപ്പിക്കുമെന്നും ഫലസ്തീൻ ലബോറട്ടറി ഗ്രന്ഥകർത്താവ് ആന്തണി ലോവൻസ്‌റ്റൈൻ പറഞ്ഞു. വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലെത്തിയിട്ടും ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. നിലവിൽ വെടിനിർത്തൽ കരാർ തുടരെ ലംഘിക്കുന്ന ഇസ്രായേൽ സൈന്യം 480ലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ആകെ 71,657 പേർ കൊല്ലപ്പെടുകയും 171,399 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഗസ്സയിൽ താമസിക്കുന്ന 20 ലക്ഷത്തിലധികം ഫലസ്തീനികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് റഫ അതിർത്തി. 2024 മുതൽ ഈ അതിർത്തിയുടെ ഗസ്സ ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഡോണാൾഡ് ട്രംപിന്റെ പദ്ധതി പ്രകാരം അതിർത്തി പൂർണമായി തുറക്കാൻ ആവശ്യപ്പെടുമ്പോഴും, പ്രവേശനം പരിമിതമായിരിക്കും എന്നും ഇസ്രായേലിന്റെ കർശന പരിശോധനകൾക്ക് വിധേയമായി കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും അനുമതിയെന്നുമാണ് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

