പൊതുസ്ഥലത്ത് നിന്ന് ഫലസ്തീൻ പതാകകൾ നീക്കാൻ ഇസ്രായേൽ
text_fieldsജറൂസലം/തെൽഅവീവ്: ഇസ്രായേലിൽ അടുത്തിടെ അധികാരമേറ്റ തീവ്ര വലതുപക്ഷ സർക്കാർ ഫലസ്തീൻ അതോറിറ്റിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തിയ്യ. ഇസ്രായേൽ ഫലസ്തീനിന് മേൽ ഏർപ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങൾ യുദ്ധത്തിന് സമാന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനിന്റെ ദശലക്ഷക്കണക്കിന് ഡോളറിന്റെ നികുതി തടഞ്ഞുവെക്കൽ, ഉദ്യോഗസ്ഥരുടെ വി.ഐ.പി പ്രവേശന അനുമതി റദ്ദാക്കൽ തുടങ്ങിയ നടപടികൾക്ക് പിന്നാലെ ഫലസ്തീൻ ദേശീയ പതാകകൾക്ക് നേരെയും കർശന നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് ഫലസ്തീൻ പതാകകൾ പ്രദർശിപ്പിക്കുന്നത് തടഞ്ഞ് ഇസ്രായേൽ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഉത്തരവിട്ടിട്ടുണ്ട്. പതാകകൾ നീക്കണമെന്ന് പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ സഹായം ഫലസ്തീൻ തേടിയതിനോടുള്ള പ്രതികാരമായാണ് ഇസ്രായേൽ കടുത്ത നടപടികൾ സ്വീകരിക്കുന്നതെന്നും മുഹമ്മദ് ഇഷ്തിയ്യ പറഞ്ഞു. ഫലസ്തീൻ അതോറിറ്റിയെ അട്ടിമറിക്കാനും സാമ്പത്തികമായും സ്ഥാപനപരമായും ഇല്ലാതാക്കാനുമാണ് ഇസ്രായേൽ ശ്രമം. ഫലസ്തീൻ ജനതക്ക് നേരെയുള്ള പുതിയ യുദ്ധമായാണ് ഇസ്രായേൽ നടപടികളെ കാണുന്നത്. നാഷനൽ അതോറിറ്റിയെയും അതിന്റെ നിലനിൽപിനെയും നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും മുഹമ്മദ് ഇഷ്തിയ്യ പറഞ്ഞു.
അധിനിവേശ വെസ്റ്റ്ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ഇസ്രായേൽ നയങ്ങളുടെ നിയമസാധുതയെക്കുറിച്ച് പരമോന്നത ജുഡീഷ്യൽ ബോഡിയോട് അഭിപ്രായം ആരാഞ്ഞ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ തീരുമാനത്തിന് മറുപടിയായാണ് ഇസ്രായേൽ നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

