റമദാനിൽ ഗസ്സയിലേക്കുള്ള സഹായം തടഞ്ഞ് ഇസ്രായേൽ; യുദ്ധക്കുറ്റമെന്നും സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഹമാസ്
text_fieldsഗസ്സയിലെ റമദാൻ നോമ്പ് തുറ
ഗസ്സ സിറ്റി: റമദാനിൽ ഗസ്സയിലേക്കെത്തുന്ന സഹായ ട്രക്കുകൾ തടഞ്ഞ് ഇസ്രായേൽ. വെടിനിർത്തൽ കരാറിന്‍റെ ആദ്യ ഘട്ടം നീട്ടാൻ ഹമസ് വിസമ്മതിച്ചതിനാൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചതിനുപിന്നാലെയാണ് ട്രക്കുകൾ തടഞ്ഞത്.
തീരുമാനം വിലകുറഞ്ഞ ബ്ലാക്ക് മെയിലിങ്ങാണെന്നും യുദ്ധക്കുറ്റമാണെന്നും സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ കരാറിന്‍റെ നഗ്നമായ ലംഘനമാണിതെന്നും ഇസ്രായേലിന്‍റെ തീരുമാനം പിൻവലിപ്പിക്കാൻ മധ്യസ്ഥർ ഇടപെടണമെന്നും ഹമാസ് പറഞ്ഞു.
ആദ്യ ഘട്ട വെടിനിർത്തൽ കരാറിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇത് 42 ദിവസം കൂടി ദീർഘിപ്പിക്കണമെന്ന നിർദേശം അമേരിക്ക മുന്നോട്ടുവെക്കുകയായിരുന്നു. ഈ നിർദേശം ഇസ്രായേൽ അംഗീകരിച്ചു. പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുമ്പോൾ ബന്ദികളിൽ പകുതി പേരെ ഹമാസ് വിട്ടയക്കണമെന്നാണ് വ്യവസ്ഥ. ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ഇത്തരത്തിൽ വിട്ടയക്കണമെന്ന് വ്യവസ്ഥയുണ്ട്.
എന്നാൽ ഈ നിർദേശം ഹമാസ് തള്ളുകയായിരുന്നു. നിർദേശം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഹമാസിന്റെ പ്രതികരണം. മാത്രമല്ല, ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ ആരംഭിച്ച രണ്ടാം ഘട്ട ചർച്ചയിൽ പുരോഗതിയില്ലെന്നും ഹമാസ് അറിയിച്ചു.
അതേസമയം, ഹമാസ് വിട്ടയച്ച ഇസ്രായേലി ബന്ദികളിൽ എലി ഷറാബിയടക്കം ഏതാനും പേർ വൈറ്റ് ഹൗസിലെത്തി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേൽ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

