ഗസ്സയിലേക്ക് സഹായ വസ്തുക്കൾ കടത്തിവിടുമെന്ന് നെതന്യാഹു; തീരുമാനം രണ്ടര മാസത്തെ കടുത്ത ഉപരോധത്തിന് ശേഷം
text_fieldsതെൽഅവീവ്: രണ്ടരമാസമായി തുടരുന്ന കടുത്ത ഉപരോധത്തിന് ശേഷം ഗസ്സയിലേക്ക് പരിമിതമായ അളവിൽ സഹായ വസ്തുക്കൾ കടത്തിവിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യുദ്ധത്തിൽ തകർത്തെറിഞ്ഞ ഗസ്സയിലേക്ക് വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും അയച്ച സഹായവസ്തുകൾ അടങ്ങിയ ട്രക്കുകൾ മാർച്ച് രണ്ടുമുതൽ ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഗസ്സയിൽ കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് പരിമിതമായ സഹായം അനുവദിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
നിശ്ചിത അളവിലുള്ള ഭക്ഷ്യ വസ്തുക്കൾ മാത്രമേ കടത്തിവിടുകയുള്ളൂവെന്നും നെതന്യാഹു പറഞ്ഞു. മാർച്ച് 2 മുതൽ ഭക്ഷണം, വെള്ളം, മെഡിക്കൽ സാധനങ്ങൾ, ഇന്ധനം എന്നിവയുൾപ്പെടെയുള്ള എല്ലാ മാനുഷിക സഹായങ്ങളും ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഗസ്സയിൽ ഭക്ഷ്യവിതരണത്തിന് നേതൃത്വം നൽകുന്ന വേൾഡ് സെൻട്രൽ കിച്ചൺ (WCK), യു.എന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) എന്നിവരെ മാറ്റി യുഎസ് കരാറുകാരായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് ചുമതല നൽകാനാണ് ഇസ്രായേൽ നീക്കം. ഇവർ ചുമതലയേൽക്കുന്നതുവരെ ഒരാഴ്ചത്തേക്ക് വേൾഡ് സെൻട്രൽ കിച്ചണും വേൾഡ് ഫുഡ് പ്രോഗ്രാമും ഭക്ഷ്യവിതരണത്തിൽ സഹായിക്കുമെന്നാണ് അറിയുന്നത്.
ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിൽ ഗസ്സ ഗുരുതരമായ ക്ഷാമത്തിലേക്കെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷണം, മരുന്ന്, പാർപ്പിടം, ഇന്ധനം എന്നിവയുൾപ്പെടെ എല്ലാ സഹായങ്ങളുടെയും വിതരണങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ഗസ്സയിലെ ഭക്ഷ്യസുരക്ഷയിൽ വൻ തകർച്ച ഉണ്ടായിട്ടുണ്ടെന്നും ഫലസ്തീനികൾ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ടെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ടിൽ പറഞ്ഞു.
ജനങ്ങളുടെ നിലനിൽപ്പിന് അത്യാവശ്യമായ സാധനങ്ങൾ മിക്കയിടങ്ങളിലും ഇതിനകം തീർന്നുപോയി. ചിലയിടങ്ങളിൽ വരും ആഴ്ചകളോടെ തീരും. മുഴുവൻ ജനങ്ങളും ഉയർന്ന തോതിലുള്ള കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അഞ്ചിലൊരാൾ എന്ന തോതിൽ അര ദശലക്ഷം ആളുകൾ കടുത്ത പട്ടിണി നേരിടുന്നുവെന്ന് ലോകമെമ്പാടുമുള്ള പ്രതിസന്ധികളിൽ ക്ഷാമ സാധ്യത വിലയിരുത്താൻ യു.എന്നും അന്താരാഷ്ട്ര എൻ.ജി.ഒകളും ചുമതലപ്പെടുത്തിയ സ്വതന്ത്ര കൺസോർഷ്യമായ ഐ.പി.സി പറഞ്ഞു.
ഈ മനുഷ്യ നിർമിത ക്ഷാമം കുട്ടികളുടെ ഒരു തലമുറയെ മുഴുവൻ എന്നെന്നേക്കുമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥൻ റിക്ക് പീപ്പർകോണും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

