Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജറൂസലമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് 30 ദിവസത്തിനകം അടച്ചുപൂട്ടണം; വ്യാപാര ഉപരോധത്തിൽ കടുത്ത തിരിച്ചടിയുമായി ഇസ്രായേൽ

text_fields
bookmark_border
ജറൂസലമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് 30 ദിവസത്തിനകം അടച്ചുപൂട്ടണം; വ്യാപാര ഉപരോധത്തിൽ കടുത്ത തിരിച്ചടിയുമായി ഇസ്രായേൽ
cancel

തെൽഅവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ബ്രിട്ടൻ വ്യാപാര ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, യുകെയ്ക്ക് കടുത്ത തിരിച്ചടിയുമായി ഇസ്രായേൽ. കിഴക്കൻ ജറൂസലമിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് കോൺസുലേറ്റ് 30 ദിവസത്തിനകം അടച്ചുപൂട്ടാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിള്ളൽ രൂക്ഷമായതോടെ ജറൂസലമിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ പ്രത്യേക പദവിയും 30 ദിവസത്തിനുള്ളിൽ റദ്ദാക്കപ്പെടും. കൂടാതെ, വെസ്റ്റ് ബാങ്കിലെ റാമല്ലയിലും ഗസ്സ കോർഡിനേഷൻ മിഷനിലും സേവനമനുഷ്ഠിക്കുന്ന ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരോട് 7 ദിവസത്തിനകം രാജ്യം വിടാനും ഇസ്രായേൽ ഉത്തരവിട്ടു.

ബ്രിട്ടന് പുറമെ ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതും ഒമ്പത് രാജ്യങ്ങൾ ഇതിന് പിന്തുണ നൽകിയതുമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. തിരിച്ചടിയുടെ ഭാഗമായി ഫലസ്തീൻ സുരക്ഷാ സേനക്ക് ബ്രിട്ടൻ നൽകിവന്നിരുന്ന പരിശീലനവും ഇസ്രായേൽ റദ്ദാക്കി. ഇതിനുപുറമെ, മുൻ ലേബർ പാർട്ടി നേതാവും അറിയപ്പെടുന്ന ഇസ്രായേൽ വിമർശകനുമായ ജെറെമി കോർബിൻ ഉൾപ്പെടെ 12 പ്രമുഖ ബ്രിട്ടീഷ് പൗരന്മാർക്കും ജനപ്രതിനിധികൾക്കും ഇസ്രായേലിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 1839 മുതൽ ജറൂസലമിൽ പ്രവർത്തിക്കുന്ന ചരിത്രപരമായ കോൺസുലേറ്റാണ് ഇസ്രായേലിന്റെ ഉത്തരവോടെ അടച്ചുപൂട്ടേണ്ടി വരുന്നത്.

ഇസ്രായേലിന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ഈ തീരുമാനത്തിൽ തങ്ങൾക്ക് അത്ഭുതമില്ലെന്ന് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾക്ക് ഇസ്രായേൽ ഭരണകൂടം കണ്ണ് അടച്ചുപിടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപരോധം ഏർപ്പെടുത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ തങ്ങൾ മുൻകൂട്ടി വിലയിരുത്തിയിരുന്നുവെന്നും, എന്നാൽ ഇത്തരം അനീതികൾക്ക് മുന്നിൽ കൈകെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്നും മിലിബാൻഡ് പറഞ്ഞു.

അതേസമയം, ബ്രിട്ടന്റെ ഉപരോധ നടപടികൾ ധാർമ്മികമായി തെറ്റാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ വിമർശിച്ചു. അടുത്ത മാസം ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിലും രാഷ്ട്രീയ പ്രക്രിയകളിലും ഉള്ള കടന്നുകയറ്റമാണ് ബ്രിട്ടൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ മാത്രമല്ല, അവിടെ നിർമാണം, ധനസഹായം, റിയൽ എസ്റ്റേറ്റ് സേവനങ്ങൾ തുടങ്ങിയവ നൽകുന്ന കമ്പനികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് മിലിബാൻഡ് ബ്രിട്ടീഷ് പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ നേരിടുന്ന ഒറ്റപ്പെടലിന്റെ ആഴം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഗസ്സയിൽ പതിനായിരക്കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ട യുദ്ധത്തിനും വെസ്റ്റ് ബാങ്കിലെ അക്രമങ്ങൾക്കുമെതിരെ പരമ്പരാഗത സഖ്യരാജ്യങ്ങളിൽ നിന്നുപോലും ഇസ്രായേലിന് കടുത്ത എതിർപ്പ് നേരിടേണ്ടി വരുന്നുണ്ട്. 2025ൽ ഫലസ്തീൻ രാജ്യത്തിന് ഔദ്യോഗിക അംഗീകാരം നൽകിയ രാജ്യങ്ങളിൽ ബ്രിട്ടനും ഫ്രാൻസും കാനഡയും ഉൾപ്പെടുന്നു. സാമ്പത്തികമായി പ്രതീകാത്മകമായ ഒന്നാണ് ഈ ഉപരോധമെങ്കിലും, ഇസ്രായേലിന്റെ വിദേശനയത്തിനും നയതന്ത്ര ബന്ധങ്ങൾക്കും ഇത് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israel tells Britain to close East Jerusalem consulate within 30 days, sources say
Next Story