സിറിയയിൽ ഇസ്രയേൽ ആക്രമണം; തുർക്കിയ സൈനികരെ വിന്യസിച്ചതിന് മറുപടിയെന്ന് നെതന്യാഹുവിന്റെ ഓഫീസ്
text_fieldsതെൽഅവീവ്: അലപ്പോക്ക് സമീപം തുർക്കിയ സൈനികരെ വിന്യസിക്കാൻ സിറിയ അനുമതി നൽകിയത് ഇസ്രയേലും സിറിയയും തമ്മിലെ ധാരണ ലംഘിക്കുന്നതാണെന്ന് ഇസ്രയേൽ. ഇത്തരമൊരു സൈനിക വിന്യാസം ഇസ്രയേലിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് സിറിയക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് എക്സിൽ അറിയിച്ചു.
ഇസ്രായേലിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന നടപടികൾ അംഗീകരിക്കില്ലെന്നും നിലവിലെ സ്ഥിതിയിലേക്ക് മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്യുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സിറിയയിലെ അബു അൽ ദുഹൂർ വ്യോമതാവളത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. ആക്രമണം അനാവശ്യമായ സംഘർഷം രൂക്ഷമാക്കുന്ന നടപടിയാണെന്ന് സിറിയ-ഇറാഖ് വിഷയങ്ങളിലെ യു.എസ് പ്രത്യേക പ്രസിഡൻഷ്യൽ ഉദ്യോഗസ്ഥനായ ടോം ബറാക്ക് പ്രതികരിച്ചു. ആക്രമണം മേഖലയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുന്നതല്ലെന്നും ഇസ്രായേലുമായുള്ള സംഘർഷം കുറക്കാൻ സിറിയ അടുത്തിടെ നടത്തിയ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും ബറാക്ക് എക്സിൽ കുറിച്ചു.
കൂടുതൽ സൈനിക നടപടികളിലേക്ക് നീങ്ങാതെ സംയമനവും ചർച്ചയും തുടരുന്നതാണ് കൂടുതൽ ഫലപ്രദമായ മാർഗമെന്ന് അമേരിക്ക വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൈനിക സംഘർഷം വർധിപ്പിക്കുന്നതിന് പകരം ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും എല്ലാ കക്ഷികളോടും ബറാക്ക് ആവശ്യപ്പെട്ടു.
അബു അൽ ദുഹൂർ സൈനിക താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെ സിറിയയും ഇസ്രായേലിനെതിരെ രംഗത്തെത്തി. ആക്രമണം സിറിയയുടെ പരമാധികാരത്തിന്റെയും ഭൂപ്രദേശിക അഖണ്ഡതയുടെയും വ്യക്തമായ ലംഘനമാണെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ജോർഡനും ഖത്തറും ആക്രമണത്തെ അപലപിച്ച് സിറിയക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്ന് തുർക്കിയയും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

