സിറിയൻ കൊട്ടാരത്തിനടുത്ത് ബോംബിട്ട് ഇസ്രായേൽ; രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമെന്ന് സിറിയൻ പ്രസിഡന്റ്
text_fieldsഡമസ്കസ്: സിറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് ഇസ്രായേൽ സേനയുടെ വ്യോമാക്രമണം. സിറിയൻ തലസ്ഥാനമായ ഡമസ്കസിന് സമീപം ന്യൂനപക്ഷ ദുറുസ് വിഭാഗത്തിൽപെട്ട തോക്കുധാരികളും സർക്കാർ അനുകൂല പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ശേഷമായിരുന്നു വ്യോമാക്രമണം. വെള്ളിയാഴ്ച പുലർച്ച ദുറുസ് വിഭാഗത്തിന്റെ ഗ്രാമങ്ങളിലേക്ക് കടക്കരുതെന്ന മുന്നറിയിപ്പിന് പിന്നാലെ വ്യോമാക്രമണം നടത്തുകയായിരുന്നു. പ്രസിഡന്റ് അഹമ്മദ് അൽ ഷറയുടെ കൊട്ടാരത്തിന് സമീപമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ആക്രമണത്തെ സിറിയൻ പ്രസിഡന്റ് അപലപിച്ചു.
രാജ്യത്തെ അസ്ഥിരപ്പെടുത്താനും സുരക്ഷാ പ്രതിസന്ധികൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിന്ദ്യമായ ആക്രമണമാണിതെന്ന് അഹമ്മദ് അൽ ഷറയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പരമാധികാരവും സുരക്ഷയും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഏത് മാർഗത്തിലൂടെയും ജനങ്ങളുടെ അവകാശം സംരക്ഷിക്കുമെന്നും ഓഫിസ് വ്യക്തമാക്കി.
ദുറുസ് വിഭാഗത്തിൽപെട്ട തോക്കുധാരികളും സർക്കാർ അനുകൂല പോരാളികളും തമ്മിൽ ഈ ആഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 100 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇസ്രായേൽ ഡ്രോണുകൾ ഡമസ്കസിന്റെയും മറ്റു പ്രദേശങ്ങളുടെയും മുകളിൽ പറക്കുന്നുണ്ടെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച മാത്രം സിറിയയിൽ ഇസ്രായേൽ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. സിറിയൻ ഭരണകൂടത്തിനുള്ള വ്യക്തമായ സന്ദേശമാണ് ആക്രമണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ദുറുസ് ന്യൂനപക്ഷത്തിന് ഭീഷണിയാകുന്ന ഒരു സിറിയൻ സൈനിക നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

