മാധ്യമപ്രവർത്തകരുടെ ടെന്റുകളിൽ ബോംബിട്ട് ഇസ്രായേൽ
text_fieldsവെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ട ഉമർ മുഹമ്മദ് സാദിഹ് റബീഹിന്റെ സമീപം വിതുമ്പുന്ന ബന്ധുക്കൾ
ദേർ അൽ ബലാഹ്: ഗസ്സയിൽ മാധ്യമപ്രവർത്തകരുടെ ടെന്റുകളിൽ ബോംബിട്ട് ഇസ്രായേൽ. ഒരു പ്രാദേശിക റിപ്പോർട്ടർ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. ആറ് മാധ്യമപ്രവർത്തകർ അടക്കം ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് പുറത്തുള്ള ടെന്റുകളിൽ പുലർച്ച രണ്ടിനാണ് ബോംബിട്ടത്.
ഫലസ്തീൻ ടുഡെ വാർത്ത വെബ്സൈറ്റിന്റെ റിപ്പോർട്ടറായ യൂസുഫുൽ ഫഖാവിയാണ് കൊല്ലപ്പെട്ടത്. ദേർ അൽ ബലാഹിലെ അൽ അഖ്സ ആശുപത്രിക്ക് പുറത്തെയും ടെന്റുകളിൽ ഇസ്രായേൽ ബോംബിട്ടു. രണ്ടുപേർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് പരിക്കേറ്റതായും അൽ അഖ്സ ആശുപത്രി അറിയിച്ചു.
കഴിഞ്ഞ രാത്രി നടന്ന വിവിധ ആക്രമണങ്ങളിൽ ആറു സ്ത്രീകളും നാലു കുട്ടികളും അടക്കം 13 പേർ കൊല്ലപ്പെട്ടതായി നാസർ ആശുപത്രി രേഖകൾ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പലയിടങ്ങളിലെ ആക്രമണങ്ങളിൽ 57 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 137 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ മാസം വെടിനിർത്തൽ അവസാനിപ്പിച്ച ശേഷം ഇസ്രായേൽ വ്യാപക ആക്രമണമാണ് ഗസ്സയിൽ തുടരുന്നത്. ഭക്ഷ്യവസ്തുക്കളും ഇന്ധനവും മരുന്നും തടഞ്ഞ് ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ് ഇസ്രായേൽ പദ്ധതി. ആക്രമണം രൂക്ഷമായതിനെ തുടർന്ന് ആശുപത്രി വളപ്പുകളിലെ ടെന്റുകളിലാണ് ആയിരക്കണക്കിന് പേർ അഭയം തേടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

