നിരായുധീകരണ കരാറിന് ശേഷവും ഇസ്രായേൽ ആക്രമണം; ഗസ്സയിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ: ഇസ്രായേൽ സൈന്യം ഗസ്സ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ദെയ്ർ അൽ-ബലാഹിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേരും വടക്കൻ ഗസ്സയിലെ അപ്പാർട്മെന്‍റിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. കഴിഞ്ഞ വർഷത്തെ ഗസ്സ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനായി 15 ഇന റോഡ്‌മാപ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസ് പ്രസിദ്ധീകരിച്ചതിന് ദിവസങ്ങൾക്കുശേഷമാണ് ഈ ആക്രമണങ്ങൾ നടന്നത്.
ഇസ്രായേൽ ആക്രമണത്തിൽ തകർന്ന മെഡിക്കൽ സാമഗ്രികളുടെ ഗോഡൗൺ
നയതന്ത്ര തലത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം, റോഡ്‌മാപ്പ് ഇതുവരെ പ്രായോഗികമായി നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വർഷത്തെ കരാർ പ്രകാരം ഇസ്രായേൽ സൈനിക നടപടി അവസാനിപ്പിക്കുകയും ഗസ്സയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കൈമാറുകയുള്ളൂവെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിലപാടുകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങില്ലെന്നും ഹമാസ് യഥാർഥ നിരായുധീകരണം നടത്തിയാലെ പിൻവാങ്ങുമെന്നാണ് വ്യവസ്ഥയെന്നും ഇസ്രായേൽ വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇതാമർ ബെൻ-ഗ്വിർ ഈ പദ്ധതിയെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇസ്രായേൽ തുടരുമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. അതേസമയം, മധ്യ ഗസ്സയിലെ മെഡിക്കൽ സാമഗ്രികളുടെ ഗോഡൗൺ ഇസ്രായേൽ ആക്രമണത്തിൽ പൂർണമായും തകർന്നു. ആക്രമണത്തെ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. വെടിനിർത്തൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് ഈ ആക്രമണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

