Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്‌ലാമോഫോബിക് പ്രചാരണത്തിന് കോടികൾ ഒഴുക്കി ഇസ്രായേൽ; വൻ വ്യാജപ്രചാരണ ശൃംഖല പുറത്ത് - റിപ്പോർട്ട്

text_fields
bookmark_border
ഇസ്‌ലാമോഫോബിക് പ്രചാരണത്തിന് കോടികൾ ഒഴുക്കി ഇസ്രായേൽ; വൻ വ്യാജപ്രചാരണ ശൃംഖല പുറത്ത് - റിപ്പോർട്ട്
cancel

ലണ്ടൻ: ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിൽ മുസ്‌ലിം വിരുദ്ധ ഗൂഢാലോചന പ്രബന്ധങ്ങളും വ്യാജപ്രചാരണങ്ങളും വ്യാപിപ്പിക്കാൻ ഇസ്രായേൽ ആസ്ഥാനമായുള്ള ഏജൻസികൾ ദൂരെവ്യാപകമായ പ്രചാരണ തന്ത്രങ്ങൾ നടപ്പിലാക്കിയതായി പുതിയ പഠന റിപ്പോർട്ട്. 'മാനുഫാക്ചറിങ് ദി ഗ്രേറ്റ് റീപ്ലേസ്‌മെന്റ്' (Manufacturing The Great Replacement) എന്ന പേരിൽ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് കോടിക്കണക്കിന് ആളുകളിലേക്ക് വ്യാജ പ്രചാരണങ്ങൾ എത്തിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

ഗവേഷകരായ മാർക്ക് ഓവൻ ജോൺസ്, സോഹൻ ഡിസൂസ എന്നിവർ ചേർന്ന് നടത്തിയ പഠനത്തിൽ ഈ നീക്കത്തെ ഡിജിറ്റൽ ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വാധീന-വ്യാജപ്രചാരണ ശൃംഖലകളിലൊന്നായി വിശേഷിപ്പിച്ചു. 2023 ഒക്ടോബർ മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രവർത്തിച്ച ഈ പ്രചാരണത്തിന് ഏകദേശം 6.12 ദശലക്ഷം പൗണ്ട് (8.2 ദശലക്ഷം ഡോളർ) ചെലവഴിച്ചിട്ടുണ്ടെന്നും യൂറോപ്പ്, അമേരിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 800 ദശലക്ഷത്തോളം പരസ്യ കാഴ്‌ചകൾ (ad exposures)നിർമിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിർമ്മിത ബുദ്ധിയും വ്യാജ വീഡിയോകളും

വംശീയത, ഇസ്‌ലാമോഫോബിയ, കുടിയേറ്റ വിരുദ്ധത, ഖത്തർ-ഇറാൻ വിരുദ്ധ ആശയങ്ങൾ എന്നിവ പ്രചരിപ്പിക്കാനായി സോഷ്യൽ മീഡിയ പരസ്യങ്ങൾ, എഐ നിർമ്മിത വീഡിയോകൾ, സംഗീതം, ഗെയിം പാരഡികൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് ഈ ഏജൻസികൾ ഉപയോഗിച്ചത്. 'ഗ്രാൻഡ് തെഫ്റ്റ് ഖത്തർ' (Grand Theft Qatar) എന്ന് പേരിട്ട ഒരു പ്രചാരണത്തിൽ അറബികൾ യൂറോപ്യൻ കെട്ടിടങ്ങൾ വാങ്ങി പള്ളികളാക്കി മാറ്റുന്ന രീതിയിലാണ് ചിത്രീകരിച്ചത്. "ഇതൊരു അധിനിവേശമാണ്", "ഖത്തർ യൂറോപ്പിനെ ഇസ്‌ലാമികവൽക്കരിക്കുന്നു" തുടങ്ങിയ മുദ്രാവാക്യങ്ങളും പരസ്യങ്ങളിൽ ഉടനീളം ഉപയോഗിച്ചു.

യൂറോപ്യൻ വംശജരെ മാറ്റി തദ്ദേശീയരല്ലാത്ത ജനവിഭാഗങ്ങൾ ഇടംപിടിക്കുന്നുവെന്ന വംശീയ 'ഗ്രേറ്റ് റീപ്ലേസ്‌മെന്റ്' സിദ്ധാന്തമാണ് പ്രചാരണത്തിലുടനീളം മുന്നോട്ടുവെച്ചത്.

ഇസ്രായേൽ ബന്ധം സുവ്യക്തം

ഇത് ഇസ്രായേൽ സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തമാണെന്ന് പൂർണ്ണമായും ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും, ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്നവയും ഇസ്രായേൽ അധികാരികളുടെ മുൻകാല ഓപ്പറേഷനുകളുമായി ബന്ധമുള്ളവയുമാണെന്ന് തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് ഗവേഷകനായ ഡിസൂസ വെളിപ്പെടുത്തി. വിയറ്റ്‌നാമീസ് പ്രോക്‌സി കമ്പനികൾ വഴിയാണ് വ്യാജ നെറ്റ്‌വർക്കുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. 2024 മേയിൽ മെറ്റ ഇവയ്‌ക്കെതിരെ നടപടിയെടുത്തുവെങ്കിലും നവംബറോടെ ബ്രസീലിയൻ കമ്പനികളുടെ പേരിൽ പ്രചാരണം വീണ്ടും സജീവമാവുകയായിരുന്നു.

ഫേസ്ബുക്കിൽ 1,473 പരസ്യങ്ങളും യൂട്യൂബിൽ 189 വീഡിയോകളും ടിക് ടോക്കിൽ 359 പരസ്യങ്ങളും ഗവേഷകർ പരിശോധിച്ചു തെളിവുകൾ കണ്ടെത്തി. യുകെയിൽ ഫേസ്ബുക്ക് പരസ്യങ്ങൾക്ക് വന്ന കമന്റുകളിൽ 61 ശതമാനവും ഇസ്‌ലാമോഫോബിക് കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നതായിരുന്നു. എന്നാൽ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകളും വിദ്വേഷ പ്രസംഗങ്ങളും തടയാൻ നിരന്തരം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് മെറ്റയുടെ വിശീകരണം. വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ഡിജിറ്റൽ മേഖലയിൽ കർശനമായ സർക്കാർ നിയന്ത്രണങ്ങളും പരിശോധനകളും വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel Spent Millions on Anti-Muslim Disinformation Campaign; Massive Fake Network Exposed, Says Report
Next Story