യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്ന് ഇസ്രായേൽ സൈന്യം; ഗസ്സ സിറ്റിയിൽ ആരും അവശേഷിക്കരുതെന്ന് മുന്നറിയിപ്പ്
text_fieldsശനിയാഴ്ച റഫയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം
തെൽ അവിവ്: ഫലസ്തീൻ ജനതക്ക് നേരെ ആസന്നമായ കരയുദ്ധത്തിന്‍റെ സൂചനകൾ നൽകി ഇസ്രായേൽ സൈന്യം. യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗസ്സ സിറ്റിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഫലസ്തീൻകാർക്ക് മുന്നറിയിപ്പ് നൽകി. നേരത്തെ തയാറാക്കിയ പദ്ധതിയനുസരിച്ചുള്ള രണ്ടാംഘട്ടത്തിന് സൈന്യം പരിശീലനം നടത്തുകയാണ്. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4385 ആയി. 1756 കുട്ടികളും 967 സ്ത്രീകളും കൊല്ലപ്പെട്ടു. 13,561 പേർക്കാണ് പരിക്കേറ്റത്. നൂറുകണക്കിന് ഫലസ്തീനികളാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.
ഗസ്സ സിറ്റിയിൽ തുടരുന്നവർ ഒഴിഞ്ഞുപോകണമെന്നും ആരും തിരികെ വരരുതെന്നും ഇസ്രായേൽ സൈന്യം മൊബൈൽ ഫോണിൽ രാവിലെ മുതൽ അറിയിപ്പ് നൽകുന്നതായി അൽജസീറ റിപ്പോർട്ടർ യുമ്ന അൽ സയിദ് റിപ്പോർട്ട് ചെയ്യുന്നു. ഗസ്സ സിറ്റിയിൽ തുടരുന്ന ഏതൊരാളെയും തീവ്രവാദിയായോ തീവ്രവാദികൾക്ക് സഹായം നൽകുന്നവരായോ കണക്കാക്കുമെന്നാണ് ഇസ്രായേൽ ഭീഷണി. സിറ്റിയിൽ തുടരുന്നവർ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മെസ്സേജിൽ പറയുന്നു. നേരത്തെ, വടക്കൻ ഗസ്സയിൽ നിന്ന് തെക്കൻ ഗസ്സയിലേക്ക് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രായേൽ സൈന്യം അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, തെക്കൻ ഗസ്സയിലും വ്യോമാക്രമണം തുടരുകയാണ്.
ഗസ്സയിൽ ഏകദേശം 14 ലക്ഷം ആളുകളാണ് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ടത്. 5,44,000ത്തിലധികം ആളുകൾ യുഎൻ നിയന്ത്രണത്തിലുള്ള 147 എമർജൻസി ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചു. ഗസ്സയിലെ പാർപ്പിട മന്ത്രാലയം റിപ്പോർട്ടനുസരിച്ച് ഇതുവരെ ഗസ്സ മുനമ്പിലെ കുറഞ്ഞത് 30 ശതമാനം വീടുകൾ ഇസ്രായേൽ മുഴുവനായോ ഭാഗികമായോ തകർത്തിട്ടുണ്ട്.
ഗസ്സയിലേക്ക് സഹായമെത്തിക്കാൻ റഫ അതിർത്തി തുറന്നെങ്കിലും 20 ട്രക്കുകൾക്ക് മാത്രമാണ് അതിർത്തി കടക്കാനായത്. ഇസ്രായേൽ ഉപരോധം കാരണം ഗസ്സയിൽ നരകയാതന അനുഭവിക്കുന്ന 23 ലക്ഷത്തോളം ജനങ്ങൾക്ക് സഹായമേകാൻ തീർത്തും അപര്യാപ്തമാണ് ഇപ്പോഴത്തെ നടപടി. അന്താരാഷ്ട്ര സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഗസ്സ-ഈജിപ്ത് അതിർത്തിയായ റഫയിൽ കാത്തുകെട്ടിക്കിടക്കുന്നുണ്ടെങ്കിലും, ഇവയ്ക്ക് ഗസ്സയിൽ പ്രവേശിക്കാനുള്ള അനുമതി ഇസ്രായേൽ നൽകിയിട്ടില്ല.
ഭക്ഷണവും വെള്ളവും മരുന്നും മാത്രമേ സഹായമായി കടത്തിവിടൂവെന്നാണ് ഇസ്രായേൽ നിലപാട്. പ്രധാന ആവശ്യങ്ങളിലൊന്നായ ഇന്ധനം കടത്തിവിടില്ലെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ധനം അത്യാവശ്യമാണെന്നും കടത്തിവിടണമെന്നും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീനിലെ ദുരിതാശ്വാസ ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എ ആവശ്യപ്പെട്ടു. മാനുഷിക സഹായത്തിൽ നിന്ന് ഇന്ധനം ഒഴിവാക്കിയ നടപടിയിൽ ഗസ്സ ആരോഗ്യമന്ത്രാലയം പ്രതിഷേധിച്ചു. ഇന്ധനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും ഈജിപ്തിനോടും മന്ത്രാലയം അഭ്യർഥിച്ചു.
വെള്ളവും വൈദ്യുതിയുമില്ലാത്ത ഗസ്സയിൽ അനുദിനം നരകതുല്യമാവുകയാണ് ജനജീവിതം. ഇന്ധനമില്ലാത്തതിനാൽ ഗസ്സയിലെ വൈദ്യുതി നിലയം ദിവസങ്ങൾക്ക് മുമ്പേ അടച്ചിരുന്നു. ആശുപത്രികളുടെ പ്രവർത്തനം പോലും ഇന്ധനമില്ലാത്തതിനാൽ തടസ്സപ്പെടുന്ന സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

