ഇസ്രായേൽ മന്ത്രിസഭ അംഗീകരിച്ചാൽ മാത്രം വെടിനിർത്തൽ കരാർ പ്രാബല്യത്തിലെന്ന് നെതന്യാഹു
text_fieldsതെൽ അവീവ്: ഇസ്രായേൽ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചാൽ മാത്രമേ ഇന്ന് വൈകുന്നേരം മുതൽ ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വരൂ എന്ന് നെതന്യാഹുവിന്‍റെ ഓഫീസ്. ഈജിപ്തിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നെതന്യാഹുവിന്‍റെ ഓഫീസ് ഇക്കാര്യം അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഇന്ന് പ്രാദേശിക സമയം വൈകുന്നേരം ആറോടെ വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേൽ മന്ത്രിസഭയിൽ ചർച്ച നടക്കും. തുടർന്ന് വോട്ടിനിട്ട് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി 72 മണിക്കൂറിനുള്ളിൽ ബന്ദികളെ മോചിപ്പിക്കുമെന്നാണ് ഹമാസ് വാർത്താ ഏജൻസിയായ എ.എഫ്.പിയെ അറിയിച്ചിരിക്കുന്നത്. മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്രായേലും കൈമാറിയിരുന്നു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്തിലെ കൈറോയിൽനടന്ന ഹമാസ് - ഇസ്രായേൽ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാറിൽ തീരുമാനമായത്. എന്നാൽ ഇതിനുശേഷവും ഗസ്സയിൽ ആക്രമണമുണ്ടായി. വ്യോമാക്രമണമടക്കം ആക്രമണങ്ങൾ തുടരുന്ന വിവരം ഗസ്സ സിവിൽ ഡിഫൻസാണ് അറിയിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ എട്ടു ഫലസ്തീനികൾ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

