ഗസ്സയിൽ കരയുദ്ധം തുടരുന്നതായി ഇസ്രായേൽ: ‘ഇന്നലത്തേതു പോലെ ഇപ്പോഴും സൈന്യം ഗസ്സക്കുള്ളിൽ പ്രവർത്തിക്കുന്നു’
text_fieldsതെൽഅവീവ്: ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി തുടർച്ചയായി മാരക പ്രഹരശേഷിയിൽ ബോംബാക്രമണം നടത്തിയ ഗസ്സയിൽ തങ്ങളുടെ കരയുദ്ധം തുടരുന്നതായി ഇസ്രായേൽ. തങ്ങളുടെ സൈന്യം ഇന്നലത്തേതു പോലെ ഇപ്പോഴും ഗസ്സക്കുള്ളിൽ പ്രവർത്തിക്കുന്നതായി ഇസ്രായേൽ സൈനിക വക്താവ് മേജർ നിർ ദിനാർ എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു.
തെക്കൻ ലെബനനിലും വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. തെക്കൻ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രത്തിന് നേരെ ഇന്നലെ രാത്രി വ്യോമാക്രമണം നടത്തിയതായാണ് പറയുന്നത്. ഇസ്രയേലിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് എക്‌സിൽ നടത്തിയ പ്രസ്താവനയിൽ പറയുന്നത്.
അതിനിടെ, ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു സൈനികന്റെ പേര് വിവരം കൂടി ഇസ്രായേൽ സൈന്യം വെളിപ്പെടുത്തി. റിഷോൺ ലെസിയോണില സർജന്റ് ഷിറെൽ ഹൈം പർ (20) മരിച്ചതായാണ് സൈന്യം പറഞ്ഞത്. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 310 ആയി.
ഗസ്സയിലെ വാർത്താവിനിമയ, വൈദ്യുതി സൗകര്യങ്ങൾ പൂർണമായും തകർത്ത് പ്രദേശം ഇരുട്ടിലാക്കി ഇന്നലെ രാത്രിയും ഇന്നുപുലർച്ചെയുമായി ഇസ്രായേൽ ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഒക്ടോബർ ഏഴിന് ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തിയത്. നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടുവെന്നാണ് നിഗമനം. എത്രപേർ കൊല്ലപ്പെട്ടുവെന്നോ എത്രപേർക്ക് പരിക്കേറ്റുവെന്നോ ഉള്ള കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. മരണസംഖ്യപോലും കണക്കാക്കാനാവാത്ത ആക്രമണമാണ് ഗസ്സക്ക് മേൽ നടത്തിയത്.
നൂറുകണക്കിന് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഒരേസമയം ഇരച്ചെത്തി ബോംബുകൾ വർഷിച്ച് നൂറുകണക്കിന് കെട്ടിടങ്ങൾ തകർക്കുകയായിരുന്നു. കര-വ്യോമ-കടൽ മാർഗങ്ങളിലൂടെ ആക്രമണം തുടർന്നു. വാർത്താവിനിമയ-ഇന്‍റർനെറ്റ് സൗകര്യങ്ങൾ പൂർണമായും തകർത്തതോടെ പരിക്കേറ്റവരുടെ ലൊക്കേഷൻ പോലും സന്നദ്ധപ്രവർത്തകർക്കും ആംബുലൻസുകൾക്കും ലഭിക്കാതായി. ചാമ്പലായ കെട്ടിടങ്ങളുടെയും കുന്നുകൂടിയ മൃതദേഹങ്ങളുടെയും നിലക്കാത്ത രോദനങ്ങളുടെയും നാടായി ഗസ്സ മാറി. മൊബൈൽ ഫോൺ സേവനവും ഇന്‍റർനെറ്റും പ്രവർത്തന രഹിതമായതായി ഫലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ജവ്വാൽ അറിയിച്ചു.
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തകർ ഉൾപ്പെടെ നിരവധി സന്നദ്ധ പ്രവർത്തകർ ഗസ്സയിൽ കൊല്ലപ്പെട്ടവരിലുൾപ്പെടും. ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുപറയാനാകില്ലെന്ന് അന്താരാഷ്ട്ര ഏജൻസികളായ റോയിട്ടേഴ്സിനോടും എ.എഫ്.പിയോടും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
കരയുദ്ധത്തിന്‍റെ തുടക്കമെന്നോണമാണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. അതേസമയം, യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പൊതുസഭ പ്രമേയം പാസ്സാക്കി. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിർത്തി മാനുഷികമായ താൽപര്യങ്ങൾ മുൻനിർത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

