വെടിനിർത്തൽ കരാർ ലംഘിക്കാൻ ഇസ്രായേൽ; ഗസ്സ ഇടനാഴിയിൽനിന്ന് പിൻവാങ്ങില്ല
text_fieldsഇസ്രായേൽ വിട്ടയച്ച ഫലസ്തീൻ തടവുകാരനെ ആശ്ലേഷിക്കുന്ന ബന്ധുക്കൾ
ഖാൻ യൂനുസ്: ഗസ്സയിൽ അടുത്തഘട്ട വെടിനിർത്തൽ കരാറിന് ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെ ആദ്യഘട്ട വെടിനിർത്തൽ കരാർ ലംഘിക്കാൻ ഇസ്രായേൽ. ഗസ്സ- ഈജിപ്ത് അതിർത്തിയിലെ ഫിലാഡെൽഫി ഇടനാഴിയിൽനിന്ന് പിൻവാങ്ങില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ആയുധക്കടത്ത് തടയാൻ ഇവിടെ സൈന്യം തുടരേണ്ടതുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതോടെ, വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായി.
ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളുടെയും ഫലസ്തീനികളുടെയും കൈമാറ്റം പൂർത്തിയായതിന് പിന്നാലെയാണ് ഇസ്രായേൽ നിലപാട് കടുപ്പിച്ചത്. ശനിയാഴ്ചയാണ് ഫിലാഡെൽഫി ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സേന പിൻവാങ്ങൽ തുടങ്ങേണ്ടത്. ഇതേക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇടനാഴിയെ ബഫർസോൺ ആക്കാനുള്ള ഇസ്രായേൽ ശ്രമം വെടിനിർത്തൽ കരാർ ലംഘനമാണെന്ന് ഹമാസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ, അതിർത്തി ഇടനാഴി സന്ദർശിച്ചപ്പോൾ തുരങ്കങ്ങൾ കണ്ടിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. പ്രദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇതിന് അദ്ദേഹം തെളിവൊന്നും നൽകിയില്ല. കള്ളക്കടത്ത് തടയാൻ വർഷങ്ങൾക്കുമുമ്പേ അതിർത്തിയിലെ തുരങ്കങ്ങൾ തകർത്തിരുന്നുവെന്ന് ഈജിപ്ത് അറിയിച്ചു.
ഗസ്സയിൽ ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഫിലാഡെൽഫി ഇടനാഴിക്ക് 14 കി.മീറ്റർ നീളമുണ്ട്. അതിർത്തിയിലെ തുരങ്കത്തിലൂടെ ഹമാസ് ആയുധം കടത്തുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചിരുന്നു. എന്നാൽ, ഈ തുരങ്കങ്ങൾ വർഷങ്ങളായി ഉപയോഗിക്കാറില്ലെന്ന് ഇസ്രായേലിലെ പ്രമുഖ മാധ്യമമായ ഹാരറ്റ്സ് അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഫിലാഡെൽഫി ഇടനാഴിയിൽ ഒമ്പതു തുരങ്കങ്ങളാണ് ഇസ്രായേൽ സേന കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.