ഇറാൻ സൈനിക കമാൻഡറെ വധിച്ചതായി ഇസ്രായേൽ; ആണവ ശാസ്ത്രജ്ഞനും കൊല്ലപ്പെട്ടു
text_fieldsതെൽ അവിവ്: ഇറാന്‍റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) ഉന്നത കമാൻഡർ ബെഹ്നം ഷഹരിയാരിയെ വധിച്ചതായി ഇസ്രായേൽ സൈന്യം. ഇറാൻ ഭരണകൂടത്തിൽ നിന്ന് പശ്ചിമേഷ്യയിലെ വിവിധ അനുകൂല ഗ്രൂപ്പുകളിലേക്ക് ആയുധക്കൈമാറ്റത്തിന് ചുമതല വഹിച്ചിരുന്നത് ഷഹരിയാരിയാണെന്നും പശ്ചിമ ഇറാനിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം മിസൈലാക്രമണത്തിൽ തകർക്കുകയായിരുന്നെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) പറഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കുദ്സ് സൈന്യത്തിന്‍റെ കമാൻഡർ സയീദ് ഇസാദിയെയും കൊലപ്പെടുത്തിയതായി ഐ.ഡി.എഫ് അവകാശപ്പെട്ടു. ഇസ്രായേലിനെതിരായ ആക്രമണങ്ങൾക്ക് ചുക്കാൻപിടിക്കുന്നയാളാണെന്നും ഇറാനിയൻ ഭരണകൂടത്തിനും ഹമാസിനും ഇടയിലുള്ള ഒരു പ്രധാന കോർഡിനേറ്ററാണെന്നും ഐ.ഡി.എഫ് പറഞ്ഞു. എന്നാൽ, ഇരുവരുടെയും വധം സംബന്ധിച്ച് ഇറാന്‍റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളുണ്ടായിട്ടില്ല.
അതേസമയം, ആണവ ശാസ്ത്രജ്ഞൻ എയ്താർ തബതബായി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇറാനിയൻ പ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് എയ്താർ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് ഇറാൻ വാർത്താ ഏജൻസി മെഹർ സ്ഥിരീകരിച്ചു.
ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്താർ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തിൽ അദ്ദേഹം ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിന് ശേഷം ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യംവെച്ചുള്ള ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

