ഹമാസ് സീനിയർ കമാൻഡർ റെയ്ദ് സയീദിയെ വധിച്ചതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഹമാസ്
text_fieldsഗസ്സ സിറ്റി: മുതിർന്ന ഹമാസ് കമാൻഡർ റെയ്ദ് സയീദിനെ ശനിയാഴ്ച ഗസ്സ സിറ്റിയിൽ കാറിനു നേർക്കു നടത്തിയ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സ സിറ്റിയിൽ കാറിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ അധികൃതർ അറിയിച്ചു. എന്നാൽ, മരിച്ചവരിൽ സയീദും ഉൾപ്പെട്ടതായി ഹമാസിൽ നിന്ന് സ്ഥിരീകരണമുണ്ടായില്ല. ആക്രമണത്തെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഹമാസ് പ്രസ്താവനയിൽ അപലപിച്ചു.
ഒക്ടോബറിൽ ഗസ്സ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഒരു മുതിർന്ന ഹമാസ് നേതാവിന്റെ കൊലപാതകമാണിത്. നേരത്തെ ഹമാസ് നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നുവെന്നും അതിനെ തുടർന്ന് സയീദിനെ ലക്ഷ്യമിട്ടതായും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടു. ഹമാസിന്റെ ഗസ്സ സിറ്റി ബറ്റാലിയന്റെ തലവനായിരുന്നു സയീദ്. ഗ്രൂപ്പിലെ ഏറ്റവും ഉയർന്നതും മികച്ചതുമായ പദവിയാണിത്.
2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രായേലിന്റെ ആക്രമണത്തിൽ 70,700 ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഒക്ടോബർ 10ലെ വെടിനിർത്തലോടെ ലക്ഷക്കണക്കിന് ഫലസ്തീനികൾ ഗസ്സയിലെ അവശിഷ്ടങ്ങളിലേക്ക് മടങ്ങി. ഇസ്രായേൽ നഗര ഭാഗങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിച്ചെങ്കിലും ആക്രമണം പൂർണമായും അവസാനിപ്പിച്ചിട്ടില്ല. വെടിനിർത്തൽ മുതൽ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 386 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

