ഗ്രെറ്റ തുംബർഗിനെ നാടുകടത്തി ഇസ്രായേൽ; വിമാനത്തിലിരിക്കുന്ന ചിത്രം പുറത്തുവിട്ടു
text_fieldsതെൽ അവീവ്: മാനുഷിക സഹായ കപ്പലായ ‘മഡ്‍ലീനി’ൽ ഗസ്സയിലേക്കു തിരിച്ച ആക്ടിവിസ്റ്റ് ഗ്രെറ്റ തുംബർഗിനെ ഇസ്രായേൽ നാടുകടത്തി. ഗ്രെറ്റയും സംഘവും സഞ്ചരിച്ചിരുന്ന സഹായ കപ്പൽ ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത് ഒരു ദിവസത്തിനു ശേഷമാണ് പുറത്താക്കൽ നടപടി.
നാടുകടത്തൽ വിവരം ‘എക്‌സി’ലെ പോസ്റ്റിൽ ഇസ്രായേൽ പങ്കിട്ടു. പാരിസിലേക്കാണ് നാടുകടത്തിയതെന്ന് സൂചിപ്പിച്ച് ‘ഗ്രെറ്റ തുംബർഗ് സ്വീഡനിലേക്കുള്ള വിമാനത്തിൽ (ഫ്രാൻസ് വഴി) ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു’ വെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗ്രെറ്റ ഒരു വിമാനത്തിന്റെ സീറ്റിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.
22കാരിയായ ഗ്രെറ്റയെയും ഒപ്പമുള്ള മറ്റ് പ്രവർത്തകരെയും പ്രതിനിധീകരിക്കുന്ന ഇസ്രായേലിലെ നിയമ അവകാശ ഗ്രൂപ്പായ അദാല, തുംബർഗും മറ്റ് രണ്ട് ആക്ടിവിസ്റ്റുകളും ഒരു മാധ്യമപ്രവർത്തകനും ഇസ്രായേൽ വിടാനും നാടുകടത്തലിനും സമ്മതിച്ചതായി പറഞ്ഞു. നാടുകടത്തൽ നിരസിച്ച മറ്റ് ആക്ടിവിസ്റ്റുകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവരുടെ കേസ് ഇസ്രായേൽ അധികൃതർ കേൾക്കുമെന്നും അവർ അറിയിച്ചു.
യുദ്ധം തകർത്ത ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി പോകുന്ന ‘മഡ്ലീൻ’ എന്ന കപ്പലിലുണ്ടായിരുന്ന 12 യാത്രക്കാരിൽ ഒരാളായിരുന്നു ഗ്രെറ്റ തുംബർഗ്. തിങ്കളാഴ്ച പുലർച്ചെ ഗസ്സയുടെ തീരത്തുനിന്ന് 200 കിലോമീറ്റർ അകലെയെത്തിയപ്പോൾ ഇസ്രായേൽ നാവിക സേന കപ്പൽ പിടിച്ചെടുത്തതായി യാത്ര സംഘടിപ്പിച്ച ഗ്രൂപ്പായ ‘ഫ്രീഡം ഫ്ലോട്ടില്ല’ അറിയിച്ചു. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലും മാനുഷിക പ്രതിസന്ധിയിലും തങ്ങൾ പ്രതിഷേധിക്കുന്നുവെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു.
നാവികസേനയുടെ അകമ്പടിയോടെ ബോട്ട് തിങ്കളാഴ്ച വൈകുന്നേരം ഇസ്രായേലി തുറമുഖമായ അഷ്‌ദോദിൽ എത്തിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.