ഗസ്സ കത്തുകയാണെന്ന് ഇസ്രായേൽ: വൻ കരയാക്രമണം ആരംഭിച്ചു
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ കരയാക്രമണത്തിന്റെ സുപ്രധാന ഘട്ടം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി മുതിർന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥൻ. 3,000ത്തോളം ഹമാസ് പോരാളികൾ ഇപ്പോഴും ഗസ്സ നഗരത്തിലുണ്ടെന്ന വാദമുയർത്തിയാണ് ഇസ്രായേൽ സൈന്യത്തിന്റെ സിവിലിയൻ കുരുതി.
ആകാശം, കടൽ, കര എന്നിവിടങ്ങളിൽ നിന്ന് നഗരം വലിയ തോതിൽ ആക്രമിക്കപ്പെടുന്നതായും വൻ സ്ഫോടനങ്ങൾ കണ്ടുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കാൽനടയായോ വാഹനങ്ങളിലോ നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് പലായനം ചെയ്യുകയാണ്. പലയിടങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു. രണ്ട് വർഷത്തെ യുദ്ധത്തിൽ തങ്ങൾ നേരിട്ട ഏറ്റവും തീവ്രമായ ബോംബാക്രമണമെന്നാണ് ഫലസ്തീനികൾ ഇതിനെ വിശേഷിപ്പിക്കുന്നത്.
കരസേന ഗസ്സ മുനമ്പിന്റെ പ്രധാന നഗരത്തിലേക്ക് കൂടുതൽ ആഴത്തിൽ നീങ്ങുകയാണെന്നും ഇപ്പോഴും നഗരത്തിലുണ്ടെന്ന് കരുതുന്ന ഹമാസ് പോരാളികളെ നേരിടാൻ വരും ദിവസങ്ങളിൽ സൈനികരുടെ എണ്ണം വർധിപ്പിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഗസ്സ കത്തുകയാണ്’ എന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. ‘ഐ.ഡി.എഫ് ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനും ഹമാസിനെ പരാജയപ്പെടുത്തുന്നതിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഐ.ഡി.എഫ് സൈനികർ ധീരമായി പോരാടുകയാണെന്നും’ കാറ്റ്സ് പോസ്റ്റ് ചെയ്തു.
ആക്രമണം ആരംഭിച്ചതിലൂടെ ഇസ്രായേൽ ഭരണകൂടം, യൂറോപ്യൻ നേതാക്കളുടെ ഉപരോധ ഭീഷണികളെയും അത് വളരെയധികം വില കൊടുക്കേണ്ട ‘തെറ്റാ’യിരിക്കാമെന്ന ഇസ്രായേലിന്റെ സ്വന്തം സൈനിക കമാൻഡർമാരുടെയും മുന്നറിയിപ്പുകളെയും അവഗണിച്ചു. അതേസമയം, സഖ്യ കക്ഷിയായ യു.എസ് അതിന്റെ ‘ആശീർവാദങ്ങൾ’ പ്രത്യക്ഷമായി വാഗ്ദാനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പ്രേരണയോടെ ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷന്റെ റിപ്പോർട്ട് പുറത്തുവന്ന വേളയിലാണ് എല്ലാം തൃണവൽക്കരിച്ച് ഇസ്രായേലിന്റെ നരവേട്ട. ചൊവ്വാഴ്ച പുലർച്ചെ നഗരത്തിലുടനീളം വ്യോമാക്രമണം നടത്തുകയും ടാങ്കുകൾ മുന്നേറുകയും ചെയ്തുവെന്നും ഗസ്സ സിറ്റിയിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടുവെന്നുമാണ് ഗസ്സ ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

