മൂന്നു ഇസ്രായേലികളടക്കം എട്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; 110 ഫലസ്തീനികളെ വിട്ടയച്ചു
text_fieldsഖാൻ യൂനുസ്: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായേലും ബന്ദി മോചനവും തടവുകാരെ വിട്ടയക്കലും തുടരുന്നു. സൈനിക ഉദ്യോഗസ്ഥ അടക്കം എട്ട് ബന്ദികളെ ഹമാസ് വ്യാഴാഴ്ച മോചിപ്പിച്ചപ്പോൾ 110 ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയച്ചു. വരുംദിവസങ്ങളിലും കൈമാറ്റം തുടരും.
യുദ്ധത്തിൽ രക്തസാക്ഷിയായ ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഗസ്സ സിറ്റിയിലെ തകർന്ന വീടിന് മുന്നിൽ നൂറുകണക്കിന് പോരാളികളുടെ സാന്നിധ്യത്തിലായിരുന്നു ഇസ്രായേലി സൈനിക അഗാം ബെർഗറിന്റെ കൈമാറ്റം. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെയും ശക്തിപ്രകടനം കൂടിയായി കൈമാറ്റ ചടങ്ങ്.
റോഡിലും തകർന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് ഫലസ്തീനികൾ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. 29കാരിയായ ബന്ദി അർബൽ യഹൂദിന്റെ കൈമാറ്റവും സമാന രീതിയിലായിരുന്നു. ജനക്കൂട്ടത്തെ വകഞ്ഞുമാറ്റിയാണ് റെഡ്ക്രോസ് വാഹനത്തിലേക്ക് ഇവരെ കയറ്റിയത്. 80കാരനായ ഗാഡി മോസസ്, അഞ്ച് തായ്ലൻഡ് സ്വദേശികൾ എന്നിവരെയും മോചിപ്പിച്ചു.
അതേസമയം, ഗസ്സയിലെ ജനക്കൂട്ടത്തിന്റെ പെരുമാറ്റം ഞെട്ടിച്ചുവെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മധ്യസ്ഥരോട് ആവശ്യപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, തടവുകാരുടെ മോചനം വൈകിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. ഇത്തരം സാഹചര്യം ഇനിയുണ്ടാകില്ലെന്ന് മധ്യസ്ഥർ ഉറപ്പുനൽകിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. ബന്ദിമോചനം തെൽഅവീവിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ കണ്ട ഇസ്രായേലികൾ ആനന്ദാശ്രു പൊഴിച്ചു.
ഇസ്രായേൽ ജയിലിൽനിന്ന് മോചിപ്പിച്ച ഫലസ്തീനികളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 30 പേരുമുണ്ട്. പ്രമുഖ നാടക സംവിധായകനും അൽ അഖ്സ ബ്രിഗേഡ് നേതാവുമായ സകരിയ സുബൈദിയാണ് മോചിപ്പിക്കപ്പെട്ടവരിൽ പ്രമുഖൻ. വടക്കൻ ഗസ്സയിലേക്ക് ഇസ്രായേൽ പ്രവേശനം അനുവദിച്ചതിനെതുടർന്ന് ഫലസ്തീനികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

