ഇസ്രായേൽ ജയിലുകളിൽനിന്ന് 12 ഫലസ്തീൻ തടവുകാർ ഉറ്റവരുടെ സ്നേഹത്തണലിലേക്ക്...
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ തടവിലാക്കിയിരുന്ന 12 ഫലസ്തീൻ തടവുകാരെ മോചിപ്പിച്ചു. അന്താരാഷ്ട്ര റെഡ്ക്രോസ് സമിതിയുടെ നേതൃത്വത്തിലാണ് മോചനം സാധ്യമായത്. മോചിതരായ തടവുകാർ മധ്യ ഗസ്സയിലെ അൽ അഖ്സ ആശുപത്രിയിൽ എത്തിച്ചേർന്നു.
ദീർഘകാലത്തെ തടവിന് ശേഷം കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തടവുകാരുടെ കുടുംബങ്ങൾ.
നിലവിൽ 9,000-ത്തിലധികം ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പ്രിയപ്പെട്ടവരുടെ വിവരങ്ങൾക്കായി കാത്തിരിക്കുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലാണ്. തടവുകാരുടെ മോചനം ചില കുടുംബങ്ങളിൽ വലിയ ആശ്വാസം പകരുമ്പോൾ, പലർക്കും പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഒരു വിവരവും ലഭിക്കാതെ നിരാശയോടെ മടങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിചാരണയോ കുറ്റപത്രമോ ഇല്ലാതെ തടങ്കലിൽ വെക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ നിയമപ്രകാരം മൂവായിരത്തിലധികം പേർ ഇസ്രായേൽ തടവിലാണ്. ജയിലുകളിൽ തടവുകാർക്ക് നേരെ ക്രൂരമായ മർദനങ്ങളും കടുത്ത ശാരീരിക പീഡനങ്ങളും നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തടവുകാർക്ക് ആവശ്യമായ ഭക്ഷണമോ കലോറിയോ നൽകാതെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ജയിൽ മോചിതരായ പലരുടെയും ശരീരഭാരം പകുതിയോളമായി കുറഞ്ഞതായി വ്യക്തമായിട്ടുണ്ട്. പരിക്കേറ്റവർക്കും രോഗബാധിതർക്കും ചികിത്സ നൽകുന്നില്ല. ജയിലുകളിൽ പടർന്നുപിടിക്കുന്ന ചർമ്മരോഗങ്ങൾക്കുപോലും മരുന്ന് ലഭിക്കുന്നില്ലെന്ന് തടവുകാർ സാക്ഷ്യപ്പെടുത്തുന്നു. തടവുകാരെ പൂർണ നഗ്നരാക്കിയും വേട്ടനായ്ക്കളെ ഉപയോഗിച്ചും ലൈംഗികമായി പീഡിപ്പിക്കുന്നതായി മുൻ തടവുകാർ വെളിപ്പെടുത്തിയതായിരുന്നു.
ജയിലിൽ കഴിയുന്നവരിൽ ഭൂരിഭാഗവും വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്രീയ തടവുകാരാണ്.മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. സ്ത്രീകളും നൂറിലധികം കുട്ടികളും നിലവിൽ തടവറകളിൽ കഴിയുന്നുണ്ട്. മനുഷ്യാവകാശ വിദഗ്ധരു മറ്റും ഇസ്രായേൽ ജയിലുകളെ ‘പീഡന ക്യാമ്പുകൾ’ എന്നാണ് വിശേഷിപ്പിച്ചത്. കസ്റ്റഡി മരണങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

