ഇസ്രായേൽ തട്ടിക്കൊണ്ടുപോയ 114 ഫലസ്തീനികളെ വിട്ടയച്ചു
text_fieldsഗസ്സ: കരയുദ്ധത്തിനിടെ ഇസ്രായേൽ തട്ടിക്കൊണ്ടുപോയ 114 ഫലസ്തീനികളെ വിട്ടയച്ചു. തെക്കൻ ഗസ്സ മുനമ്പിലെ കേരാം ഷാലോം ക്രോസിങ്ങിൽ വെച്ചാണ് ഇവരെ മോചിപ്പിച്ചത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ കരയുദ്ധത്തിനിടെ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഫലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മോചിപ്പിച്ചവരെ റഫ നഗരത്തിലെ നജ്ജാർ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ചിലരുടെ ആരോഗ്യനില മോശമാണെന്നാണ് റിപ്പോർട്ട്.
കരയുദ്ധത്തിനിടെ നൂറുകണക്കിന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം തട്ടികൊണ്ട് പോയിരുന്നു. പിന്നീട് ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇസ്രായേൽ തട്ടിക്കൊണ്ടു പോയ ബന്ദികളിൽ ചിലർ വാർത്ത ഏജൻസിയോട് പ്രതികരണം നടത്തിയിട്ടുണ്ട്. ക്രൂരമായ പീഡനമാണ് ഇസ്രായേൽ തടവറകളിൽ തങ്ങൾക്ക് നേരിടേണ്ടി വന്നതെന്നാണ് ഇവർ പ്രതികരിച്ചത്.
ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 10 ദിവസങ്ങളായിരുന്നു അതെന്നായിരുന്നു ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഫലസ്തീൻ വയോധികൻഹമൂദ് ഹസ്സൻ അബ്ദുൽ കാദൽ അൽനാബുൽസിയുടെ. എന്നെ പൊതിരെ തല്ലി. ശരീരം മുഴുവൻ വേദന കൊണ്ട് പുളഞ്ഞു. നാലുനാൾ തുള്ളിവെള്ളം പോലും തന്നില്ല’ . നിരവധി അസുഖങ്ങൾ കൊണ്ട് വലയുന്ന, വയോധികനായ ഇദ്ദേഹത്തെ സ്വന്തം വീട്ടിൽനിന്ന് ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോവുകയായിരുന്നു. 10 നാൾ കൊടുംപീഡനത്തിനിരയാക്കിയ ശേഷം വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കക്കൂസിൽ പോലും പോകാൻ അനുവദിക്കാതെ മൂന്നുനാൾ തങ്ങളെ ക്രൂരമായി പീഡിപ്പിച്ചതായി ഇസ്രായേൽ തട്ടിക്കൊണ്ടുപോയ മറ്റൊരു ഗസ്സ നിവാസി ഖാലിദ് അൽ നബ്രീസ് പറഞ്ഞു. ‘വീടൊഴിയണമെന്ന് ഇസ്രായേൽ അധിനിവേശ സേന മുന്നറിയിപ്പ് തന്നപ്പോൾ ഞങ്ങൾ കടൽ തീരം ലക്ഷ്യമിട്ട് നീങ്ങി. എന്നാൽ, സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിൽ എത്തിയ ഉടൻ ഇസ്രായേൽ സൈനികർ ഞങ്ങളെ തട്ടിക്കൊണ്ടുപോയി. ചോദ്യം ചോദിക്കാൻ പോലും ഞങ്ങൾക്ക് അവസരം നൽകിയില്ല. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്രൂര മർദനത്തിനിരയായി ആദ്യമൂന്ന് ദിവസം കഴിച്ചു കൂട്ടി. കക്കൂസിൽ പോകാൻ പോലും ഞങ്ങളെ അനുവദിച്ചില്ല. പിന്നാലെ, പുതിയ പീഡന രീതികൾക്കായി അവർ ഞങ്ങളെ മറ്റൊരിടത്തേക്ക് മാറ്റി. മൂന്ന് ദിവസത്തെ പട്ടിണിക്ക് ശേഷം ഒരു കുട്ടിക്ക് പോലും തികയാത്ത ഭക്ഷണമാണ് അവർ ഞങ്ങൾക്ക് നൽകിയത്’ -ഖാലിദ് അൽ നബ്രീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

