20 യുദ്ധവിമാനങ്ങളിൽ നിന്ന് ബോംബ് വർഷിച്ച് ഇസ്രായേൽ; തിരിച്ചടിച്ച് ഹൂതികൾ
text_fieldsസൻആ: യമനിലെ ഹൂതികളുടെ സ്വാധീനകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. 20 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് അമ്പതിലധികം ബോംബുകളാണ് വർഷിച്ചത്. 2023 നവംബറിൽ ഹൂതികൾ തട്ടിക്കൊണ്ടുപോയി സമുദ്ര നിരീക്ഷണത്തിനും മറ്റും ഉപയോഗിച്ചിരുന്ന ഗാലക്സി ലീഡർ എന്ന കപ്പൽ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. യമനിലെ മൂന്ന് തുറമുഖങ്ങളും റാസ് കാത്തിബ് പവർ സ്റ്റേഷനും ഉൾപ്പെടെ തിങ്കളാഴ്ച പുലർച്ച നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടു.
അതിനിടെ ഗസ്സയിലെ കുരുതിക്ക് തിരിച്ചടിയായി ഹൂതികൾ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം തിങ്കളാഴ്ചയും തുടർന്നു. ചെങ്കടലിൽ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ലൈബീരിയൻ പതാകയേന്തിയ ‘മാജിക് സീസ്’ എന്ന ചരക്കുകപ്പലിന് ഹൂതി ആക്രമണത്തിൽ കേടുപാടുണ്ടായി. കപ്പലിന് തീപിടിക്കുകയും വെള്ളം കയറുകയും ചെയ്തതിനെത്തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ടുകൾ കപ്പലിൽ ഇടിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച ബ്രിട്ടീഷ് കപ്പലിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഫലസ്തീനിലെ ആക്രമണം ഇസ്രായേൽ അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടൽ ഉപരോധിക്കുമെന്നത് ഹൂതികളുടെ പ്രഖ്യാപിത നിലപാടാണ്. 2023 നവംബറിനും 2025 ജനുവരിക്കുമിടയിൽ മേഖലയിൽ നൂറിലധികം കപ്പലുകൾ ഹൂതികളുടെ ആക്രമണത്തിനിരയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

