Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹമാസ് നേതാക്കളെ...

ഹമാസ് നേതാക്കളെ വേട്ടയാടാൻ ഇസ്രായേൽ

text_fields
bookmark_border
ഹമാസ് നേതാക്കളെ വേട്ടയാടാൻ ഇസ്രായേൽ
cancel

ന്യൂയോർക്: ഗസ്സയിൽ സമ്പൂർണ വിജയം നേടിയാൽ ഹമാസിന്റെ ‘ശല്യം’ പൂർണമായി ഇല്ലാതാക്കാൻ ഇസ്രായേൽ കടുത്ത നടപടികൾക്കൊരുങ്ങുന്നു. തുർക്കിയ, ലബനാൻ, ഖത്തർ അടക്കം രാജ്യങ്ങളിൽ താമസിക്കുന്ന മുതിർന്ന ഹമാസ് നേതാക്കളെ വേട്ടയാടി കൊലപ്പെടുത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് നിർദേശം നൽകിയതായി ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ്യ, മുഹമ്മദ് ദീഫ്, യഹ്‍യ സിൻവാർ, ഖാലിദ് മിശ്അൽ എന്നിവരാണ് ഇസ്രായേലി ഹിറ്റ്ലിസ്റ്റിലുള്ള പ്രമുഖർ.

60കാരനായ ഇസ്മായിൽ ഹനിയ്യ മുൻ ഫലസ്തീൻ പ്രധാനമന്ത്രികൂടിയാണ്. 2017ലാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി അവരോധിതനായത്.

പ്രധാനമന്ത്രിയായിരിക്കെ 2006ൽ വിഷം പുരട്ടിയ കത്തുപയോഗിച്ച് അദ്ദേഹത്തെ അപായപ്പെടുത്താൻ മൊസാദ് ശ്രമിച്ചെങ്കിലും അതിജീവിച്ചു. ഖത്തറിലും തുർക്കിയയിലുമായാണ് അദ്ദേഹം പ്രവാസജീവിതം നയിക്കുന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ് തലവനായ മുഹമ്മദ് ദീഫ് ആറുതവണ ഇസ്രായേലിന്റെ വധശ്രമം അതിജീവിച്ചയാളാണ്. 2015ൽ പുറത്തിറക്കിയ അമേരിക്കയുടെ ‘ആഗോള ഭീകര പട്ടിക’യിലും ഇദ്ദേഹമുണ്ട്. ബ്രിഗേഡിന്റെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്ന ഇദ്ദേഹം ഗസ്സയിൽ തന്നെയുണ്ടെന്നാണ് ഇസ്രായേൽ കരുതുന്നത്.

23 വർഷം ഇസ്രായേലി തടവറയിൽ കഴിഞ്ഞ അൽഖസ്സാം ബ്രിഗേഡിന്റെ മുൻ കമാൻഡർകൂടിയായ യഹ്‍യ സിൻവാർ 2011ലാണ് മോചിതനായത്. ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി സൈനികൻ ഗിലാദ് ഷാലിതിന്റെ മോചനത്തിന് പകരമായി സിൻവാറിനെ ഇസ്രായേൽ വിട്ടയക്കുകയായിരുന്നു. ഇദ്ദേഹവും ഗസ്സയിൽ തന്നെയുണ്ടെന്നാണ് സൂചന.

ഹമാസ് ഉന്നതാധികാര സമിതി സ്ഥാപകാംഗവും 2017 വരെ ചെയർമാനുമായിരുന്ന ഖാലിദ് മിശ്അൽ ഇപ്പോൾ ഖത്തറിലാണ്. 1997ൽ കനേഡിയൻ ടൂറിസ്റ്റുകൾ ചമഞ്ഞെത്തിയ മൊസാദ് ഏജന്റുമാർ ജോർഡനിൽവെച്ച് ഇദ്ദേഹത്തിന്റെ ചെവിയിലേക്ക് വിഷവാതക പ്രയോഗം നടത്തി. ഏറെനാൾ അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ രക്ഷപ്പെടുത്താനായി.

അതേസമയം, ഹമാസ് നേതാക്കളെ വധിച്ചാൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനാകുമെന്ന നെതന്യാഹുവിന്റെ വാദത്തിന് ഇസ്രായേലിൽനിന്നുതന്നെ മറുസ്വരം ഉയരുന്നുണ്ട്. ഈ നടപടിയിലൂടെ മേഖല കൂടുതൽ അസ്ഥിരമാകുകയാണ് ചെയ്യുകയെന്ന് മൊസാദ് മുൻ ഡയറക്ടർ എഫ്രെയിം ഹാലവി അഭിപ്രായപ്പെട്ടു. കേവലം പ്രതികാരനടപടി മാത്രമായാണ് ഇത് വിലയിരുത്തപ്പെടുക. ഉദ്ദേശിക്കുന്ന ഫലം കാണില്ലെന്നുറപ്പ് -അദ്ദേഹം കൂട്ടിച്ചേർത്തു.

80 ശതമാനം ഗസ്സക്കാരും അഭയാർഥികളായി -മനുഷ്യാവകാശ കമീഷൻ

ഗസ്സ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് 80 ശതമാനം പേരും വീടുകൾ നഷ്ടപ്പെട്ട് അഭയാർഥികളായി മാറിയതായി ഗസ്സയിലെ സ്വതന്ത്ര മനുഷ്യാവകാശ കമീഷൻ.

ആശുപത്രികളും പാടേ തകർന്നതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും ഗസ്സയിൽനിന്ന് ആളുകളെ പുറത്താക്കുകയാണ് ഇസ്രായേൽ ലക്ഷ്യമെന്നും കമീഷൻ ആരോപിച്ചു. വടക്കൻ ഗസ്സക്കുപിറകെ തെക്കുഭാഗത്തെ ആശുപത്രികളെയും ഇസ്രായേൽ ലക്ഷ്യമിടുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു.

വടക്കൻ ഗസ്സയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ 50 എക്സ്കവേറ്ററുകളും ബുൾഡോസറുകളും ആവശ്യമാണെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ അഹ്മദ് അൽ കഹ്‍ലൂത് പറഞ്ഞു. സിവിൽ ഡിഫൻസിന്റെ മിക്ക ഉപകരണങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നതായും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Genocide
News Summary - Israel Planning Global Campaign to Hunt Down Hamas Leaders
Next Story