ഇറാന് നേരെ ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ; തടഞ്ഞ് ഡൊണാൾഡ് ട്രംപ്; കാരണം യു.എസ് തെരഞ്ഞെടുപ്പ്?
text_fieldsബിന്യമിൻ നെതന്യാഹു, ഡൊണാൾഡ് ട്രംപ്
തെൽഅവീവ്: ഒക്ടോബർ 10-ലെ വാരാന്ത്യത്തിൽ ഇറാന് നേരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വൻ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ സൈന്യം പൂർണ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിരുന്നുവെന്നും, എന്നാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് പദ്ധതി അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഫെബ്രുവരിയിൽ നടന്ന 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന സൈനിക നീക്കത്തേക്കാൾ വലിയ ആക്രമണമാണ് ഇസ്രായേൽ ആസൂത്രണം ചെയ്തിരുന്നത്.
നവംബർ 3-ന് നടക്കാനിരിക്കുന്ന നിർണായകമായ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമേഷ്യയിൽ വീണ്ടുമൊരു വൻ യുദ്ധത്തിന് തിരികൊളുത്താൻ താല്പര്യമില്ലാത്തതിനാലാണ് ട്രംപ് ഈ ഓപ്പറേഷനെ ശക്തമായി എതിർത്തതെന്നാണ് വിവരം.
'ഒന്നുകിൽ കരാർ, അല്ലെങ്കിൽ ആക്രമണം'; സംയുക്ത നീക്കങ്ങൾക്ക് സാധ്യത
വരും ആഴ്ചകളിൽ ഇരു രാജ്യങ്ങളും ചേർന്ന് ഇറാന് നേരെ സംയുക്ത ആക്രമണം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. "ഒന്നുകിൽ ഒരു കരാർ ഉണ്ടാകും, അല്ലെങ്കിൽ കടുത്ത ആക്രമണം ഉണ്ടാകും" എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
ഇറാനെതിരായ നീക്കങ്ങൾ ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പുതിയ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും തെക്കൻ ഇസ്രായേലിലെ ഒവ്ദ വ്യോമതാവളത്തിൽ അതീവ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റോയിട്ടേഴ്സും ചാനൽ 'കാൻ' ന്യൂസും സ്ഥിരീകരിച്ചു.
സേനാ മേധാവിയെപ്പോലും ഒഴിവാക്കി അതീവ രഹസ്യ ചർച്ച
ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ മിന്നൽ സന്ദർശനം നടന്നത്. രഹസ്യ കൂടിക്കാഴ്ച പുറത്തറിയാതിരിക്കാൻ സാധാരണ യു.എസ് സർക്കാർ വിമാനങ്ങൾക്ക് പകരം ഒരു സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് ഹെഗ്‌സെത്ത് ഇസ്രായേലിൽ എത്തിയത്. ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ചർച്ചയിൽ പങ്കെടുത്തപ്പോൾ, രഹസ്യസ്വഭാവം കണക്കിലെടുത്ത് ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ ഉൾപ്പെടെയുള്ള പ്രമുഖ സൈനിക ഉദ്യോഗസ്ഥരെ യോഗത്തിലേക്ക് ക്ഷണിച്ചില്ല. ചർച്ചയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രതിനിധികൾ പങ്കെടുത്തിരുന്നുവെന്ന മുൻ റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്നും യു.എസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഇറാനെതിരായ സൈനിക ഓപ്പറേഷൻ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അടിയന്തര ചർച്ചകൾക്കാണ് ഹെഗ്‌സെത്ത് എത്തിയതെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ വിലയിരുത്തുന്നത്.

