രക്തരൂഷിതം പശ്ചിമേഷ്യ; ഇസ്രായേലിൽ മരണം 700 കടന്നു; ഗസ്സയിൽ മരണം 370
text_fieldsഗസ്സ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ (Hatem Moussa/AP Photo)
ഗസ്സ സിറ്റി / ജറൂസലം: ഇസ്രായേൽ - ഫലസ്തീൻ സംഘർഷം രക്തരൂഷിതമായി തുടരുന്നു. ഹമാസിന്റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇസ്രായേലിലെ അഷ്കലോണിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ മലയാളി യുവതിക്ക് പരിക്കേറ്റു. പയ്യാവൂർ പൈസക്കരിയിലെ ആനന്ദിന്റെ ഭാര്യ കൊട്ടയാടൻ ഷീജ (41) ക്കാണ് പരിക്കേറ്റത്. ഹോംനഴ്സായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കടുത്ത ആക്രമണം തുടരുകയാണ്. ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് 370 പേരാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു.
അതേസമയം, ലെബനാനിലെ ഹിസ്ബുല്ല സായുധ സംഘം ഞായറാഴ്ച ഇസ്രോയൽ അധീനതയിലുള്ള ഗോലാൻകുന്നുകളിലെ സൈനിക പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തി. 12ലേറെ തവണ റോക്കറ്റ്, ഷെല്ലാക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. ഷീബ ഫാംസ് മേഖലയിലെ ഹിസ്ബുല്ല ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന പള്ളി
ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടത്തുന്നത്. വൈദ്യസഹായം പോലും നൽകാൻ സാധിക്കാത്ത സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി പറയുന്നു. ഇസ്രായേൽ വൈദ്യുതി വിഛേദിച്ചതിനാൽ ഗസ്സയിലെ 20 ലക്ഷം ആളുകൾ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.
ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി.
ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സ സിറ്റിയിലെ അൽ-വതൻ ടവറിന്റെ അവശിഷ്ടങ്ങൾ (photo: Mohammed Salem/Reuters)
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ അവലോകന യോഗം വിളിച്ചു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തെൽ-അവിവിലെത്തി സാഹചര്യങ്ങൾ വിശകലനം ചെയ്യുകയാണ്. സൈന്യത്തിന് കടന്നുകയറാൻ പൂർണ അധികാരം നൽകി ഇസ്രായേൽ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തി. രാജ്യം യുദ്ധത്തിലാണെന്ന് സുരക്ഷാ മന്ത്രിസഭ ചേർന്ന് തീരുമാനമെടുത്തതായി നെതന്യാഹു അറിയിച്ചു.
ഇതിനിടെ, ഇസ്രായേലിനെതിരെ രൂക്ഷ പ്രതികരണവുമായി ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ രംഗത്തെത്തി. അൽ അഖ്സ മസ്ജിദിന്റെ കാര്യത്തിൽ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് ഹനിയ്യ പറഞ്ഞു. അൽ അഖ്സ മസ്ജിദിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷൻ അൽ അഖ്സ ഫ്ലഡ്. ഗസ്സയിൽ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും ഓപറേഷൻ അൽ അഖ്സ ഫ്ലഡ് വ്യാപിപ്പിക്കുമെന്നും ഹമാസിന്റെ ഉടമസ്ഥതയിലുള്ള അൽ അഖ്സ ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിൽ ഹനിയ്യ പറഞ്ഞു.
ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്ന ഫലസ്തീനികൾ (Ibraheem Abu Mustafa/Reuters)
അതിക്രമങ്ങൾ നിർത്തണമെന്ന് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇസ്രായേലിലെ രക്തച്ചൊരിച്ചിലിൽ ആശങ്ക പ്രകടിപ്പിച്ചും അതിക്രമങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടും പോപ് ഫ്രാൻസിസ്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം യുദ്ധത്തിനെതിരെ അഭിപ്രായപ്രകടനം നടത്തിയത്. നൂറുകണക്കിന് ജീവനുകൾ ഹനിച്ചും പരിക്കേൽപിച്ചും അതിക്രമം പടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവിഭാഗങ്ങളും അക്രമം നിർത്തണം. ഭീകരവാദത്തിനും യുദ്ധത്തിനും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാകില്ല, മരണങ്ങൾ മാത്രമേ ഉണ്ടാക്കൂ. എല്ലാ യുദ്ധങ്ങളും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യ ജീവനക്കാരെ തിരിച്ചെത്തിച്ചു
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധം തുടരുന്നതിനിടെ ഇസ്രായേലിലേക്കുള്ള മുഴുവൻ വിമാന സർവിസുകളും ഈ മാസം 14 വരെ എയർ ഇന്ത്യ നിർത്തിവെച്ചു. തെൽ അവീവീൽ കുടുങ്ങിയ എയർ ഇന്ത്യ ജീവനക്കാരെയും എയർഹോസ്റ്റസുമാരെയും ഇത്യോപ്യൻ എയർലൈൻസ് വഴി അഡിസ്അബാബയിലെത്തിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. രാജ്യസഭ എം.പി ഡോ. വാൻവെയറോയ് ഖർലുഖി അടക്കം ഇസ്രായേലിൽ കുടുങ്ങിയ ഒരുസംഘം ഇന്ത്യക്കാർ ഈജിപ്തിലെത്തി.
ഏഴിന് വിമാന സർവിസ് റദ്ദാക്കിയതിനെത്തുടർന്നാണ് ജീവനക്കാരും പൈലറ്റും എയർഹോസ്റ്റസുമാരും അടങ്ങുന്ന എയർ ഇന്ത്യയുടെ പത്തോളം പേർ തെൽ അവീവിൽ കുടുങ്ങിയത്. തെൽ അവീവിലേക്ക് ആഴ്ചയിൽ നേരിട്ട് അഞ്ച് സർവിസുകളാണ് എയർ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. അതാണ് 14 വരെ നിർത്തിയത്.
രാജ്യസഭ എം.പി ഡോ. വാൻവെയറോയ് ഖർലുഖിയും ഭാര്യയും അടക്കം ഇസ്രായേലിൽ കുടുങ്ങിയ ഒരുസംഘം ഇന്ത്യക്കാർ ഈജിപ്തിലേക്ക് കടന്നു. ഹമാസ്-ഇസ്രായേൽ യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടയിലാണ് നാഷനൽ പീപ്ൾസ് പാർട്ടി എം.പി അടക്കം മേഘാലയയിൽനിന്നുള്ള 25 പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് മടങ്ങാൻ ഈജിപ്തിലെത്തിയത്. ജറൂസലമിലേക്ക് തീർഥാടനത്തിന് പോയ സംഘം യുദ്ധം തുടങ്ങിയതോടെ ബെത്ലഹേമിൽ കുടുങ്ങുകയായിരുന്നു. അവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ വിദേശ മന്ത്രാലയവുമായി നിരന്തര സമ്പർക്കത്തിലാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ പറഞ്ഞു.
ഇന്ത്യൻ പൗരന്മാർ സുരക്ഷിതർ
ജറൂസലം: ഇസ്രായേൽ, ഫലസ്തീൻ സംഘർഷ മേഖലയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് തെൽ അവീവിലെ ഇന്ത്യൻ എംബസി. ഇസ്രായേലിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള പൗരന്മാർ സുരക്ഷിതമായി രാജ്യത്തിന് പുറത്തുകടക്കാൻ സഹായം അഭ്യർഥിച്ചെന്നും അധികൃതർ വ്യക്തമാക്കി. ജോലിക്കാരും അല്ലാത്തവരുമായി ഏകദേശം 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രായേലിൽ ഉണ്ടെന്നാണ് കണക്ക്. ഇസ്രായേലിൽ കുടുങ്ങിയ വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും കൂട്ടമായാണ് യാത്ര ചെയ്യുന്നത്. ഇന്ത്യയിൽനിന്നെത്തിയ ചില ബിസിനസുകാരും രക്ഷപ്പെടാനുള്ള വഴി തേടുകയാണ്. എന്നാൽ, പൗരന്മാരോട് ജാഗ്രത പാലിക്കാനും അടിയന്തര സാഹചര്യത്തിൽ എംബസിയുമായി ബന്ധപ്പെടാനും ടെൽ അവീവിലെ ഇന്ത്യൻ മിഷനും ഫലസ്തീനിലെ ഇന്ത്യയുടെ പ്രതിനിധി ഓഫിസും നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഇസ്രായേലിൽ കഴിയുന്ന ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം നഴ്സിങ് മേഖലയിൽ ജോലിചെയ്യുന്നവരാണ്. കൂടാതെ, ആയിരത്തോളം വിദ്യാർഥികളും നിരവധി ഐ.ടി പ്രഫഷനലുകളും വജ്രവ്യാപാരികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

