Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right100ാം നാളിലും കുരുതി...

100ാം നാളിലും കുരുതി തുടരുന്നു, മരണം 24,000; തകർത്തത് 3.59 ലക്ഷം വീടുകൾ

text_fields
bookmark_border
100ാം നാളിലും കുരുതി തുടരുന്നു, മരണം 24,000; തകർത്തത് 3.59 ലക്ഷം വീടുകൾ
cancel

ഗസ്സ: സ്ത്രീകളെയും കുട്ടികളെയും ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ കൊന്നൊടുക്കിയ ഗസ്സയിലെ ഇസ്രായേൽ നരവേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24,000 കവിഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം 23,968 ആണ് മരണസംഖ്യ. അതായത് യുദ്ധം നൂറുനാൾ പിന്നിട്ടപ്പോൾ ഗ​സ്സ​യി​ലെ ഓരോ നൂ​റുപേരിൽ ഒരാൾ വീതം ഇ​തി​ന​കം കൊ​ല്ല​പ്പെ​ട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 125 ഫലസ്തീനികൾ കൊല്ലപ്പെടുകയും 265 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യമ​ന്ത്രാലയം അറിയിച്ചു. ഇന്നും ഇസ്രായേൽ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഗസ്സയുടെ ആകാശത്തും ടാങ്കുകൾ മണ്ണിലും മരണം വിതക്കുന്നത് തുടരുകയാണ്.

ഗസ്സയിൽ തകർക്കപ്പെട്ട വീടുകളുടെ എണ്ണം 3.59 ലക്ഷം കവിഞ്ഞു. അതായത് ഓരോ 10 വീടുകളിലും ആറെണ്ണം വീതം ഇനി താമസയോഗ്യമല്ലാത്ത വിധം നശിപ്പിക്കപ്പെട്ടു.

60,000ൽ പരം ആളുകൾക്ക് പരിക്കേറ്റു. മ​രി​ച്ച​വ​രി​ലും പ​രി​ക്കേ​റ്റ​വ​രി​ലും 70 ശ​ത​മാ​നം സ്ത്രീ​ക​ളും കു​ട്ടി​ക​ളുമാണ്. 7000ൽ അധികം പേരെ കാണാനില്ല. ഇവരിൽ അധികപേരും തകർക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങൾക്കടിയിലും മറ്റും കുടുങ്ങിക്കിടന്ന് മരണപ്പെട്ടതായാണ് സംശയിക്കുന്നത്. ബാക്കിയുള്ളവരെ ഇസ്രായേൽ അധിനിവേശ സേന പിടിച്ചുകൊണ്ടുപോയതായാണ് നിഗമനം.

ഗസ്സയിൽ കരയുദ്ധത്തിനിടെ 1,100ലധികം ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി ഐ.ഡി.എഫ് പറയുന്നു. അതേസമയം, 5000ത്തിലേറെ പേർക്ക് പരിക്കേറ്റതായും 2000 സൈനികർക്ക് അംഗവൈകല്യം സംഭവിച്ചതായും ഒരുമാസം മുമ്പ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പുനരധിവാസ വകുപ്പ് മേധാവിയും ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ലിമോർ ലൂറിയയെ ഉദ്ധരിച്ച് യെദിയോത് അഹ്‌റോനോത് റിപ്പോർട്ട് ചെയ്തിരുന്നു. 5000ത്തി​ലേ​റെ ഇ​സ്രാ​യേ​ലി സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 12,000ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​മു​ള്ളതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, സൈന്യത്തിന്റെ കഴിഞ്ഞ ദിവസത്തെ അറിയിപ്പിൽ പരിക്കേറ്റവരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചു. കരയുദ്ധത്തിൽ 1,106 സൈനികർക്ക് പരിക്കേറ്റതായാണ് പുതിയ അറിയിപ്പിൽ പറയുന്നത്. ഇതിൽ 240 പേരുടെ പരിക്ക് ഗുരുതരമാണ്. 187 ഇസ്രായേലി സൈനികർ കരയുദ്ധത്തിൽ ​കൊല്ലപ്പെട്ടതായി അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സ മുനമ്പിൽ 12 ഉദ്യോഗസ്ഥർക്കും സൈനികർക്കും പരിക്കേറ്റതായും സൈന്യം റിപ്പോർട്ട് ചെയ്തു.

ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ആ​ക്ര​മ​ണത്തിൽ 1139 ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ടതായാണ് ഇസ്രായേൽ പറയുന്നത്. ഇതിൽ, 685 പേർ സാ​ധാ​ര​ണ​ക്കാ​രാണ്. എന്നാൽ, സാധാരണക്കാരെ തങ്ങൾ കൊന്നിട്ടില്ലെന്നും ഹാനിബാൾ ഡയറക്ടീവ് പ്രകാരം ഇസ്രായേൽ സൈന്യം തന്നെയാണ് അവരെ ​കൊന്നതെന്നും ഹമാസ് ​നേതാവ് സാലിഹ് അൽ അറൂറി പറഞ്ഞിരുന്നു. എതിരാളികൾ ബന്ദികളാക്കിയ സ്വന്തം പൗരൻമാ​രെയും ​സൈനികരെയും വധിക്കാൻ സൈന്യത്തിന് അനുമതി നൽകുന്ന പ്രത്യേക ഉത്തരവാണ് ഹാനിബാൾ ഡയറക്ടീവ്. ഒക്ടോബർ ഏഴിന് ​ഐ.ഡി.എഫ് ഹാനിബാൾ ഡയറക്ടീവ് ഇറക്കിയതായി കഴിഞ്ഞ ദിവസം ഇസ്രായേലി പത്രമായ യെദിയോത് അഹ്‌റോനോത്തും സ്ഥിരീകരിച്ചിരുന്നു.

ഗസ്സയിൽ ജ​ന​സം​ഖ്യ​യു​ടെ 85 ശ​ത​മാ​നം വരുന്ന 19 ല​ക്ഷ​ത്തി​ലേ​റെ മനുഷ്യർ ആ​ഭ്യ​ന്ത​ര അ​ഭ​യാ​ർ​ഥി​ക​ളാ​യി മാറി. 14 ല​ക്ഷ​ത്തോ​ളം പേ​ർ യു.​എ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​പ​രി​ചി​ത​രു​ടെ​യും കൂ​ടെയാണ് ക​ഴി​യു​ന്നത്. അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് യു​ദ്ധം അ​വ​സാ​നി​ച്ചാ​ലും തി​രി​ച്ചു​പോ​കാ​ൻ വീ​ടി​ല്ല

ഗ​സ്സ​യി​ലെ 36 ആ​ശു​പ​ത്രി​ക​ളി​ൽ 23 എ​ണ്ണ​വും സേ​വ​നം നി​ർ​ത്തി. ആ​വ​ശ്യം അ​ധി​ക​രി​ച്ചി​ട്ടും ബെ​ഡു​ക​ൾ കു​റ​ക്കേ​ണ്ടി​വ​ന്നു. 104 സ്കൂ​ളു​ക​ൾ ത​ക​ർ​ത്തു. 70 ശ​ത​മാ​ന​ത്തോ​ളം സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളാ​ക്കി. 142 യു.​എ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ടു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ 128 കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Genocide
News Summary - Israel Palestine Conflict: Israeli assault continues on 100th day of war
Next Story