ഗസ്സയെ രണ്ടായി പിളർക്കാൻ ഇസ്രായേൽ നീക്കം; കുഞ്ഞുങ്ങളുടെ ശ്മശാനമായി ഗസ്സ മാറിയെന്ന് യൂനിസെഫ്
text_fieldsഗസ്സ സിറ്റി: കൂട്ടക്കൊലയും കൂട്ട നശീകരണവും തുടരുന്നതിനിടെ ഗസ്സ മുനമ്പിനെ രണ്ടായി പിളർക്കാനാണ് ഇസ്രായേൽ ശ്രമമെന്ന് ഫലസ്തീൻ. അതിരൂക്ഷമായ വ്യോമാക്രമണം നടത്തി വടക്കൻ ഗസ്സയെ തെക്കൻ ഗസ്സയിൽനിന്ന് വേർപെടുത്തുകയെന്ന ലക്ഷ്യത്തിലേക്കാണ് ഇസ്രായേൽ നിങ്ങുന്നതെന്നാണ് ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അൽ ബാസും പറഞ്ഞു. സലാഹുദ്ദീൻ തെരുവിലാണ് ഇസ്രായേൽ സേന ഇപ്പോഴുള്ളതെന്നും അൽ റഷീദ് തെരുവിലേക്ക് നീങ്ങാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗസ്സയിൽ ഇതുവരെ 940 കുട്ടികളെ കാണാതായെന്നും കുഞ്ഞുങ്ങളുടെ ശ്മശാനമായി ഗസ്സ മാറിയെന്നും യൂനിസെഫ് പറഞ്ഞു. 3500 കുട്ടികളെങ്കിലും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
വടക്കൻ മേഖലയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ പറയുന്നുണ്ടെങ്കിലും ഒരിടവും ഒഴിയാതെയാണ് ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച രാത്രി ഖാൻ യൂനുസിലായിരുന്നു ഇടതടവില്ലാതെ ബോംബിങ് നടന്നിരുന്നതെങ്കിൽ ഇന്നലെ ഗസ്സ സിറ്റി മേഖലകളിലായിരുന്നു ആക്രമണം.
വെടിനിർത്തൽ ആവശ്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തള്ളി. ‘ഇത് യുദ്ധത്തിന്റെ സമയമാണെ’ന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
• ഗസ്സ പൊതുജനാരോഗ്യ ദുരന്തത്തിന്റെ വക്കിലാണെന്ന അതിഗുരുതര മുന്നറിയിപ്പ് പുറത്തിറക്കി ലോകാരോഗ്യ സംഘടന. കുടിവെള്ളക്ഷാമം, ശുചീകരണ സംവിധാനത്തിന്റെ തകർച്ച, ആൾക്കൂട്ടം തുടങ്ങിയവ കാരണം ഏതു നിമിഷവും ഇതു സംഭവിക്കാമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.
• ഗസ്സ സിറ്റിയിലെ തങ്ങളുടെ സാംസ്കാരിക കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ സേന നടത്തിയ ബോംബിങ്ങിനെ ജറൂസലമിലെ ഓർത്തഡോക്സ് ചർച്ച് പാട്രിയാർക്കേറ്റ് അപലപിച്ചു. ‘‘പൗരസ്ഥാപനങ്ങളും സേവനകേന്ദ്രങ്ങളും സാധാരണക്കാർ അഭയംതേടിയ സ്ഥലങ്ങളും തകർക്കുന്ന ഇസ്രായേൽ നടപടിയെ അപലപിക്കുകയാണ്’’ - ഓർത്തഡോക്സ് ചർച്ച് പ്രസ്താവനയിൽ പറഞ്ഞു.
• ഇസ്രായേൽ ദേശീയ വിമാനക്കമ്പനിയായ ‘എൽ അൽ’, തെൽഅവീവിൽനിന്ന് ബാങ്കോക്കിലേക്കുള്ള സഞ്ചാരത്തിന്, ഇറാനിൽനിന്ന് കൂടുതൽ അകലം പാലിക്കാൻ ഒരു മണിക്കൂർ കൂടുതലുള്ള റൂട്ട് തിരഞ്ഞെടുത്തു.
• ഇറാഖിലെ ഐനുൽ അസദിലെ തങ്ങളുടെ വ്യോമതാവളത്തിനുനേരെ വന്ന സായുധ ഡ്രോൺ തകർത്തതായി യു.എസ്.
• അധിനിവിഷ്ട ഫലസ്തീൻ പട്ടണമായ നാബ്ലുസിനടുത്ത് 14 കാരനായ ഫലസ്തീനി ഇസ്രായേൽ സേനയുടെ വെടിയേറ്റു മരിച്ചു.
• ഇസ്രായേൽ മനഃപൂർവം ആശുപത്രികളും മെഡിക്കൽ സെന്ററുകളും ലക്ഷ്യമിടുന്നുവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം ആരോപിച്ചു.
• വെസ്റ്റ്ബാങ്കിലെ അവസ്ഥ സ്ഫോടനാത്മകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന ഹമാസ് നേതാവിന്റെ വീട് കഴിഞ്ഞ ദിവസം തകർത്തു.
• ലബനാൻ അതിർത്തിയിൽ ഇസ്രായേൽ-ലബനാൻ വെടിവെപ്പുണ്ടായി.
• അധിനിവിഷ്ട വെസ്റ്റ്ബാങ്ക് നഗരങ്ങളിലെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആസ്ട്രേലിയ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

