രണ്ട് വനിത ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; ഗസ്സയിൽ മരണം 5,100 കടന്നു
text_fieldsഗസ്സ: ഈജിപ്തിന്റെയും ഖത്തറിന്റെയും ഇടപെടലിനെ തുടർന്ന് രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചതായി ഹമാസ്. വൃദ്ധരായ രണ്ട് വനിതകളെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. അതിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊലപാതകം 5,100 കവിഞ്ഞു.
ഇന്ന് പുലർച്ചെ അൽ ശത്തി അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 12 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേർ വനിതകളുമാണ്. 15,275ലേറെ പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബന്ദികളായ യോഷെവെദ് ലിഫ്ഷിറ്റ്‌സ് (85), നൂറ് കൂപ്പർ (79) എന്നിവരെയാണ് ഇന്നലെ മോചിപ്പിച്ചത്. “അവർ ഉടൻ തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങിയെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” -റെഡ്ക്രോസ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രണ്ട് വനിതകളെ മോചിപ്പിച്ചിരുന്നു. അമേരിക്കൻ പൗരത്വമുള്ള ജൂഡിത്ത് റാണൻ, മകൾ നതാലി എന്നിവരെയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് ഹമാസ് അന്ന് മോചിപ്പിച്ചത്.
അതേസമയം, ഇസ്രായേലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ കൂടി പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചതായി ഇസ്രായേൽ റേഡിയോ പറഞ്ഞു. മുഴുവൻ ബന്ദികളെയും മോചിപ്പിച്ച ശേഷം ചർച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെടിനിർത്തലിന് ഉപാധി വെച്ചിരിക്കുന്നത്.
യുദ്ധനിയമങ്ങൾ പോലും പാലിക്കാതെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ യൂറോപ്യൻ യൂണിയൻ വിദേശകാര്യ കമ്മീഷണർ വിമർശിച്ചു. ഇസ്രയേലിന്റെ പ്രതിരോധം നിയമങ്ങൾ പാലിച്ചാകണമെന്നും സിവിലിയൻമാർക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചല്ലെന്നും ബോറൽ കുറ്റപ്പെടുത്തി.
തെക്കൻ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. റഫയുടെ വടക്കുള്ള ജില്ലയിൽ നിരവധി വീടുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 28 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗസ്സ അധികൃതർ അറിയിച്ചു. ഖാൻ യൂനിസിൽ ഇന്ധന സ്റ്റേഷനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

