സ്കൂൾ മുറ്റത്ത് ചിതറിക്കിടക്കുന്ന കുഞ്ഞുമൃതദേഹങ്ങൾ; ഗസ്സയിൽ ഇതുവരെ പൊലിഞ്ഞത് 5500 കുരുന്നുജീവൻ
text_fieldsഗസ്സ: ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് ക്രൂരമായ വംശഹത്യയാണെന്നതിന് തെളിവായി കണക്കുകൾ. യുദ്ധം ആരംഭിച്ചതു മുതൽ 5500 കുരുന്നുജീവൻ ഗസ്സയിൽ പൊലിഞ്ഞതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിൽ 3000 പേർ വിദ്യാർഥികളാണ്. 1800 കുട്ടികളെ കാണാതായിട്ടുണ്ട്. ആയിരങ്ങൾക്ക് പരിക്കേൽക്കുകയും വീട് നഷ്ടപ്പെട്ട് അഭയാർഥികളായി മാറുകയുംചെയ്തു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽപറത്തി സ്കൂളുകൾക്കും അഭയാർഥി ക്യാമ്പുകൾക്കുംനേരെ ഇസ്രായേൽ ക്രൂരമായ ആക്രമണം നടത്തുകയാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. വിദ്യാലയമുറ്റത്ത് കുഞ്ഞുങ്ങളുടെ മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നത് കരളലിയിക്കുംകാഴ്ചയാണ്. വെസ്റ്റ്ബാങ്കിലും ജറൂസലമിലും സ്ഥിതി വ്യത്യസ്തമല്ല. സുരക്ഷിത ജീവിതത്തിനും സുസ്ഥിര വിദ്യാഭ്യാസത്തിനുമുള്ള ഫലസ്തീനി കുട്ടികളുടെ അവകാശത്തിനായി ലോകരാജ്യങ്ങൾ ഇടപെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മരിച്ച സിവിലിയന്മാരുടെ എണ്ണം ഞെട്ടിക്കുന്നത് -ഗുട്ടെറസ്
യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 2017 ജനുവരിയിൽ താൻ അധികാരമേറ്റശേഷം ഏറ്റവും വലിയ ആൾ നാശത്തിനാണ് ഗസ്സ സാക്ഷ്യംവഹിച്ചത്.
ഏതാനും ആഴ്ചകൾക്കകം ആയിരക്കണക്കിന് കുട്ടികളും വധിക്കപ്പെട്ടു. ഇത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് അദ്ദേഹം പറഞ്ഞു.
കപ്പൽ റാഞ്ചൽ: ബന്ധമില്ലെന്ന് ഇറാൻ
തെഹ്റാൻ: ഇസ്രായേലി വ്യവസായിയുടെ ഭാഗിക ഉടമസ്ഥതയിലുള്ള ജപ്പാൻ കമ്പനിക്ക് കീഴിലെ കപ്പൽ യമനിലെ ഹൂതികൾ റാഞ്ചിയ സംഭവത്തിൽ പ്രതികരണവുമായി ഇറാൻ. കപ്പൽ റാഞ്ചലുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗസ്സ യുദ്ധത്തിൽ പരാജയം മണക്കുന്ന ഇസ്രായേൽ അതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് തങ്ങൾക്കുനേരെ ആരോപണം ഉന്നയിക്കുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി. മേഖലയിലെ പോരാളി ഗ്രൂപ്പുകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു. റാഞ്ചലിനെ അപലപിച്ച ജപ്പാൻ, കപ്പലും ജീവനക്കാരെയും വിട്ടുകിട്ടാൻ ശ്രമംനടത്തുന്നതായി അറിയിച്ചു.
തുർക്കിയയിൽനിന്ന് ഇന്ത്യയിലേക്ക് ചെങ്കടലിലൂടെ 22 ജീവനക്കാരുമായി പോകുകയായിരുന്ന ‘ഗാലക്സി ലീഡർ’ ചരക്കുകപ്പൽ കഴിഞ്ഞദിവസമാണ് ഹൂതികൾ റാഞ്ചിയത്. കപ്പലിൽ ഇസ്രായേലി ജീവനക്കാരില്ലെന്ന് വിശദീകരിച്ച പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇറാനാണ് റാഞ്ചലിന് പിന്നിലെന്ന് കുറ്റപ്പെടുത്തിയിരുന്നു.