നിർത്തുമോ കൂട്ടക്കുരുതി
text_fieldsഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ ബാലിക റഫയിലെ കുവൈത്ത് ആശുപത്രിയിൽ
കൈറോ: ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ മോചനത്തിന് ഇസ്രായേലിൽ സമ്മർദം ശക്തമായിരിക്കെ വീണ്ടുമൊരു വെടിനിർത്തലിന് കളമൊരുങ്ങുന്നതായി സൂചന. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ഹമാസും ഇസ്രായേലും തമ്മിൽ ചർച്ചകൾ ഊർജിതമായി. ഇതിന്റെ ഭാഗമായി ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ്യ ബുധനാഴ്ച ഈജിപ്തിലെ കൈറോയിലെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബന്ദികളുടെ കുടുംബാംഗങ്ങളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുകയും വെടിനിർത്തലിന് സന്നദ്ധമാണെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം.
അവശേഷിക്കുന്ന ബന്ദികളിൽ സ്ത്രീകളെയും വയോധികരായ പുരുഷന്മാരെയും വിട്ടയക്കണമെന്നാണ് ഒരാഴ്ച നീളുന്ന വെടിനിർത്തലിന് ഇസ്രായേൽ മുന്നോട്ടുവെക്കുന്ന നിബന്ധനയെന്നറിയുന്നു. ഇതിന് പകരമായി ഗുരുതര കുറ്റകൃത്യം ആരോപിച്ച് ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളെ വിട്ടയക്കും. എന്നാൽ, താൽക്കാലിക വെടിനിർത്തലിന് സന്നദ്ധമല്ലെന്നും ഗസ്സയിലെ ആക്രമണം പൂർണമായി അവസാനിപ്പിക്കണമെന്നുമാണ് ഹമാസ് നിലപാട്. സി.ഐ.എ, മൊസാദ് തലവന്മാരുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കഴിഞ്ഞദിവസം പോളണ്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കൈറോയിലെ ചർച്ച.
അതേസമയം, ഇസ്രായേൽ സേന ജബലിയയിലും റഫയിലും കനത്ത ആക്രമണം തുടരുകയാണ്. റഫക്ക് സമീപത്തെ ശാബൂറ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ജബലിയ അഭയാർഥി ക്യാമ്പിനുനേരെ നടത്തിയ ബോംബിങ്ങിൽ 46 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖാൻ യൂനുസ്, ദാറുൽ ബലാ എന്നിവിടങ്ങളിലും ആക്രമണം ശക്തമാണ്. ഹമാസ് പോരാളികളുടെ ചെറുത്തുനിൽപിൽ 24 മണിക്കൂറിനിടെ 12 ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടു.
വെസ്റ്റ്ബാങ്കിൽനിന്ന് 25 ഫലസ്തീനികളെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. ഇതോടെ ഇസ്രായേൽ തടവറയിലുള്ള ഫലസ്തീനികളുടെ എണ്ണം 7,820 ആയി. ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

