ഗസ്സയിൽ കൊല്ലപ്പെട്ടവർ 900ലേറെ; വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ഇസ്രയേൽ സൈന്യം തുടരുന്ന വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 പിന്നിട്ടു. 4500ഓളം പേർക്ക് പരിക്കേറ്റു. യുദ്ധം തുടങ്ങി നാലാം ദിനം രാത്രിയും ഗസ്സക്ക് മേൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ 21 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേലിൽ ഹമാസിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 2800ഓളം പേർക്ക് പരിക്കേറ്റു.
സമ്പൂർണ ഉപരോധത്തിനുപിന്നാലെ ജീവിതം ദുസ്സഹമായ ഗസ്സയിൽ വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതിനാൽ യഥാർഥ മരണക്കണക്ക് പുറത്തുവരുന്നില്ല. ഇന്നലെയുണ്ടായ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവും ഗസ്സ ഭരണകൂടത്തിലെ ധനമന്ത്രിയുമായ ജിഹാദ് അബൂ ശമാലയും മറ്റൊരു നേതാവ് സകരിയ മുഅമ്മറും കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ ഏഴ് മാധ്യമപ്രവർത്തകരും മരിച്ചിട്ടുണ്ട്.
അതിനിടെ, ഇസ്രായേലിലെ അഷ്‍കലോൺ നഗരത്തിലേക്ക് ചൊവ്വാഴ്ച വൈകീട്ട് വീണ്ടും ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ് റോക്കറ്റുകൾ തൊടുത്തു. ശനിയാഴ്ച ആക്രമണം നടത്തിയ 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.
ലെബനാനും യുദ്ധഭീതിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ലെബനാനിലെ ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. ഇസ്രായേൽ ഡെപ്യൂട്ടി കമാൻഡർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. മൂന്ന് ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടു. ലെബനാൻ അതിർത്തി മേഖലയിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
ഗസ്സയിലേക്ക് കരയാക്രമണം ശക്തമാക്കാനൊരുങ്ങുകയാണ് ഇസ്രായേൽ. ഗസ്സ അതിർത്തിയിൽ വൻതോതിലുള്ള സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തുന്നത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ആഹ്വാനം നടപ്പാക്കാനുള്ള നീക്കത്തിലാണ് സൈന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

