ഗസ്സയിൽ ഇന്ന് കൊല്ലപ്പെട്ടത് 178 പേർ; 589 പേർക്ക് പരിക്കേറ്റു
text_fieldsഗസ്സ സിറ്റി: സമീപകാല യുദ്ധചരിത്രത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ഗസ്സയിലെ ഇസ്രായേൽ മനുഷ്യവേട്ട ഏഴുദിന ഇടവേളക്കുശേഷം വീണ്ടും. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ബോംബിങ്ങിൽ 178 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൂന്നു തവണ നീട്ടിയ താൽക്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ അവസാനിച്ചതു മുതൽ നടത്തിയ കൊലപാതകക്കണക്കാണിത്. ഇന്ന് മാത്രം 589 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേവരിലും സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ.
ഇരുനൂറിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ
ഗസ്സയുടെ വടക്കും തെക്കുമായി ഇരുനൂറിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള പരിശ്രമങ്ങൾ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിച്ചതെന്ന് ഹമാസ് ആരോപിച്ചു. ആക്രമണം വ്യാപിപ്പിക്കുമെന്ന സൂചന നൽകി, ദക്ഷിണ ഗസ്സ നഗരമായ ഖാൻ യൂനുസിൽ ജനങ്ങളോട് കൂടുതൽ തെക്കോട്ട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് ഇസ്രായേൽ ആകാശത്തുനിന്ന് ലഘുലേഖകൾ വിതരണം ചെയ്തു.
മരണം 15,000 കവിഞ്ഞു
ആയിരക്കണക്കിന് ജനങ്ങൾ ദക്ഷിണ ഗസ്സയിലെ നാസർ ഹോസ്പിറ്റലിൽ അഭയം തേടി. ശുജാഇയ മേഖലയിൽ വീടുകൾക്കുമേൽ ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തി. അതിർത്തി ക്രോസിങ് നഗരമായ റഫയിലും ആക്രമണം നടത്തി. ഗസ്സയിൽ ഇതുവരെ 15,000ത്തിലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ 6,000 പേർ കുട്ടികളാണ്.
മോർട്ടാർ ആക്രമണത്തിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ
സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നതിനുള്ള തിരിച്ചടിയായി ഇസ്രായേൽ നഗരങ്ങളായ അഷ്കലോൺ, സിദറോത്ത്, ബീർഷേബ എന്നിവിടങ്ങളിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗം അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. ദക്ഷിണ പ്രദേശമായ നിറിമിൽ മോർട്ടാർ ആക്രമണത്തിൽ തങ്ങളുടെ അഞ്ചു സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ പറഞ്ഞു. ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലെ മധ്യസ്ഥ ചർച്ചകളുടെ ഫലമായി ഇസ്രായേൽ ജയിലുകളിലുള്ള 30 ഫലസ്തീൻ തടവുകാർ മോചിതരായി. വ്യാഴാഴ്ച എട്ടു ഇസ്രായേൽ ബന്ദികളും മോചിതരായിരുന്നു.
നിരാശജനകം -ഖത്തർ
വീണ്ടും ആക്രമണം കനപ്പിച്ചത് നിരാശജനകമാണെന്നും സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇസ്രായേൽ വീണ്ടും ആക്രമണം തുടങ്ങിയത് ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രതികരിച്ചു. വെടിനിർത്തൽ അവസാനിപ്പിച്ചത് ഖേദകരമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

