ഹമാസ് ആക്രമണം 13 ഇടങ്ങളിൽ ഗസ്സക്കുമേൽ തീതുപ്പി ഇസ്രായേൽ
text_fieldsഗസ്സയിലെ എരിസിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടയാളിന്റെ മൃതദേഹവുമായി ഫലസ്തീൻ യുവാവ്
ഗസ്സ/ജറൂസലം: ഗസ്സക്കുസമീപമുള്ള 13 ഇസ്രായേലി അധിനിവേശകേന്ദ്രങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതൽ ഹമാസ് മിന്നലാക്രമണമരങ്ങേറിയത്. ഇതിനു തിരിച്ചടിയായി വ്യോമാക്രമണം ആരംഭിച്ച ഇസ്രായേൽ സൈന്യം ജനവാസകേന്ദ്രങ്ങളിൽ വ്യാപക ആക്രമണമാണ് അഴിച്ചുവിടുന്നത്. ഗസ്സക്കു സമീപത്തെ സിഗിം, നെതീവ് ഹഅസാര, ഏരസ്, സദീറോത്ത്, നഹൽ ഓസ്, ബീരി, നെതിവോട്ട്, റെയിം, നിർ ഓസ്, മേഗൻ, ഒഫാകിം, നിർ യിത്ഷാക്, കരം അബു സലേം എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
ഗസ്സയിൽനിന്ന് നാലു കിലോമീറ്റർ അകലെ അധിനിവിഷ്ട കുടിയേറ്റമേഖലയായ നഹൽ ഓസിലെ കിബ്ബുറ്റ്സിലെ തെരുവിൽ ഹമാസുകാർ വെടിയുതിർത്തുകൊണ്ടിരിക്കുകയാണെന്നും തങ്ങളിപ്പോഴും ബങ്കറുകളിലാണെന്നും ഇസ്രായേലി കുടിയേറ്റക്കാർ പറയുന്നു. ഗസ്സയുടെ പരിസരങ്ങളിലെ അധിനിവേശമേഖലയെ സംരക്ഷിക്കാൻ ഒട്ടേറെ ഉയരത്തിലും ഭൂമിക്കടിയിലേക്കുമുള്ള വൻ വേലികൾ നിർമിച്ചിട്ടുണ്ട്. കാമറകളും ഹൈടെക് സെൻസറുകളും അസ്വാഭാവികശബ്ദങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഉപകരണങ്ങളുമുള്ള ഈ വേലികൾ തകർത്താണ് പോരാളികൾ നുഴഞ്ഞുകയറിയത്. ആറു ഗ്രാമങ്ങൾ ഹമാസ് നിയന്ത്രണത്തിലായെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും ഇസ്രായേൽ പ്രതിരോധസേന (ഐ.ഡി.എഫ്) പറഞ്ഞു.
ഹമാസ് ആക്രമണം നടത്തിയ പല പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ ഇസ്രായേൽ സേന പരിശ്രമം തുടരുകയാണ്. ഐ.ഡി.എഫിന്റെ ഗസ്സ ഡിവിഷനിലെ സൈനിക ഭവനകേന്ദ്രത്തിലടക്കം പോരാട്ടം നടന്നു. ഇസ്രായേൽ പൗരന്മാർ പലയിടത്തും ഇപ്പോഴും ഷെൽട്ടറുകളിലാണെന്നും പരിക്കേറ്റവർക്ക് സഹായമെത്തിക്കാൻ പലയിടത്തും വൈദ്യസംഘം എത്തിയില്ലെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായും എല്ലാ പൊലീസ് വളന്റിയർമാരെയും തിരിച്ചുവിളിക്കുന്നതായും ഇസ്രായേൽ ദേശസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ അറിയിച്ചു. ഹമാസ് ആക്രമണത്തിൽ ദക്ഷിണ ഇസ്രായേലിൽ വൈദ്യുതി ലൈനുകൾ തകർന്നതിനെ തുടർന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.
സംഘർഷം മൂർച്ഛിക്കുന്നത് ഏറെ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ഈജിപ്ത് ആശങ്ക പ്രകടിപ്പിച്ചു. സാധാരണജനങ്ങൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ സംയമനം പാലിക്കണമെന്നും ഈജിപ്ത് ആവശ്യപ്പെട്ടു. സംയമനം പാലിക്കൽ അനിവാര്യമാണെന്ന് പ്രതികരിച്ച തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, സംഘർഷം രൂക്ഷമാകുന്നതിൽനിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.
‘‘ഫലസ്തീനിന്റെയും ജറൂസലമിന്റെയും മോചനം വരെ ഞങ്ങൾ ഫലസ്തീനൊപ്പം നിൽക്കും’’ -ഇറാൻ പരമോന്നത നേതാവ് ഖാംനഈ പറഞ്ഞു. തീർത്തും മോശമായ ആക്രമണത്തിൽനിന്ന് സ്വയരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിന് എല്ലാ അവകാശങ്ങളുമുണ്ടെന്ന് യൂറോപ്യൻ യൂനിയൻ പ്രസ്താവിച്ചു.
ഗസ്സയിലെ 14 നിലയുള്ള രണ്ട് ബഹുനില കെട്ടിടങ്ങൾ ഇസ്രായേൽ സേന തകർത്തു. ഹമാസിന്റെയും ഇസ്ലാമിക ജിഹാദിന്റെയും കേന്ദ്രങ്ങളാണ് തകർത്തതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ, ജനവാസകേന്ദ്രങ്ങളാണ് തകർത്തതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ വക്താവ് അബു ഉബൈദ മുന്നറിയിപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

