അധിനിവേശ സംഘർഷത്തിന്റെ നാൾവഴി
text_fields2005 ആഗസ്റ്റ്: പശ്ചിമേഷ്യ യുദ്ധത്തിൽ ഈജിപ്തിൽനിന്ന് പിടിച്ചെടുത്ത ഗസ്സയിൽനിന്ന് 38 വർഷത്തിനുശേഷം ഇസ്രായേൽ സേന പിന്മാറി. പ്രദേശത്തെ ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിൽ ഏൽപിച്ചായിരുന്നു പിന്മാറ്റം.
2006 ജനുവരി 25: ഫലസ്തീൻ നിയമനിർമാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടി ഗസ്സയുടെ ഭരണം പിടിച്ചു. ഇസ്രായേലും അമേരിക്കയും ഹമാസിനെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഫലസ്തീനികളെ ഉപരോധത്തിലാക്കി.
2006 ജൂൺ 25: ഗസ്സ അതിർത്തിയിൽ ഹമാസ് നടത്തിയ റെയ്ഡിൽ ഇസ്രായേലി സേനയിൽ കൂലിപ്പടയാളി ഗിലാദ് ശാലിതിനെ പിടികൂടി. തിരിച്ചടിയായി ഇസ്രായേൽ ശക്തമായ വ്യോമാക്രമണവും കടന്നുകയറ്റവും നടത്തി. അഞ്ചുവർഷം കഴിഞ്ഞ് തടവുകാരെ പരസ്പരം കൈമാറിയപ്പോൾ ഗിലാദിനെ വിട്ടയച്ചു.
2008 ഡിസംബർ 27- ദക്ഷിണ ഇസ്രായേൽ നഗരമായ സദറോത്തിലേക്ക് ഫലസ്തീൻ റോക്കറ്റുകൾ ആക്രമണമുതിർത്തതിനു പിന്നാലെ ഇസ്രായേൽ, ഗസ്സ ഉന്നമിട്ട് ഫലസ്തീൻ സിവിലിയന്മാർക്കു നേരെ 22 നാൾ നീണ്ട സൈനികാക്രമണം നടത്തി. 1400 ഫലസ്തീനികളും 13 ഇസ്രായേലികളും കൊല്ലപ്പെട്ടതിനുശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചു.
2012 നവംബർ 14 -ഹമാസ് സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് അഹ്മദ് ജബരിയെ ഇസ്രായേൽ സേന വധിച്ചതിനെ തുടർന്ന് ഇരുപക്ഷവും തമ്മിൽ എട്ടുനാൾ നീണ്ട റോക്കറ്റ്, വ്യോമാക്രമണങ്ങൾ.
2014 ജൂലൈ -മൂന്ന് ഇസ്രായേലി കൗമാരക്കാരെ ഹമാസ് പിടിച്ചുവെന്നാരോപിച്ച് ഇസ്രായേൽ നടത്തിയ ഒരാഴ്ചത്തെ സൈനിക ഓപറേഷനിൽ 2100 ഫലസ്തീനികളും 67 സൈനികരടക്കം 73 ഇസ്രായേലികളും കൊല്ലപ്പെട്ടു.
2018 മാർച്ച് -ഗസ്സയിലെ അതിർത്തിവേലിക്കടുത്ത് ഫലസ്തീനികളുടെ പ്രതിഷേധത്തെ ഇസ്രായേൽ വെടിവെച്ചു തുരത്തിയപ്പോൾ 170 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
2021 മേയ് -റമദാൻ വ്രതനാളുകളിൽ മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യ പ്രാർഥനാലയമായ ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ ഇസ്രായേലി സേന ഇരച്ചുകയറിയതിനെതിരെ നടന്ന പ്രക്ഷോഭത്തിൽ നൂറുകണക്കിന് ഫലസ്തീനികൾക്ക് പരിക്കുപറ്റി. അന്ന് ജൂതപ്പടയുടെ പിന്മാറ്റം ആവശ്യപ്പെട്ട് ഹമാസ് ഗസ്സയിൽനിന്ന് റോക്കറ്റുകൾ വിക്ഷേപിച്ച് ആക്രമണം നടത്തി. ഇസ്രായേൽ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഗസ്സയിൽ 250ഉം ഇസ്രായേലിൽ 13ഉം പേർ കൊല്ലപ്പെട്ടു.
2022 ആഗസ്റ്റ്:ഇസ്ലാമിക് ജിഹാദ് കമാൻഡറെ വധിക്കാനായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്നു ദിനങ്ങളിലായി 15 കുട്ടികളടക്കം 44 പേർ കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയുള്ള സംഘടനക്കെതിരായ മുൻകൂർ ആക്രമണമാണ് അതെന്നായിരുന്നു ഇസ്രായേൽ അവകാശവാദം.
2023 ജനുവരി:അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴു ഫലസ്തീനികൾ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

