ഇസ്രായേൽ മഹത്തായ നേട്ടത്തിലേക്കെന്നും ബന്ദി മോചനത്തിന് അരികെയെന്നും നെതന്യാഹു
text_fieldsബിന്യമിൻ നെതന്യാഹു
ലണ്ടൻ: ഹമാസ് സമ്മതം മൂളിയതോടെ വെടിനിർത്തൽ നീക്കങ്ങൾക്ക് അതിവേഗമെന്ന് സൂചന നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേൽ മഹത്തായ നേട്ടത്തിനരികെയാണെന്നും അവശേഷിക്കുന്ന ബന്ദികൾ ഗസ്സയിൽ നിന്ന് വൈകാതെ തിരികെയെത്തുമെന്ന പ്രഖ്യാപനം അടുത്തുവെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വ്യക്തമാക്കി.
48 ബന്ദികളാണ് ഹമാസ് പിടിയിലുള്ളത്. ഇതിൽ ജീവനോടെയുള്ള 20 പേരെ ഹമാസ് വിട്ടയക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറുമെന്നാണ് വിവരം.
വെടിനിർത്തൽ ചർച്ചകൾ വേഗത്തിലാക്കാൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറും കൈറോയിലേക്ക് പുറപ്പെടുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ അന്തിമ കരാറിലെത്താനാകുമെന്ന് ട്രംപും പറഞ്ഞു. അടിയന്തരമായി കരാറിന് സമ്മതിച്ചില്ലെങ്കിൽ ഹമാസ് കനത്ത പ്രത്യാഘാതം നേരിടുമെന്ന ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് പുതിയ പ്രസ്താവന.
പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഗസ്സ സിറ്റിയിൽ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കാൻ ഇസ്രായേൽ സേനക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ട്രംപിന്റെ ഗസ്സ പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ആക്രമണം നിർത്താൻ വെള്ളിയാഴ്ച രാത്രി ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നിട്ടും, ഗസ്സയിലുടനീളം നടത്തിയ കുരുതിയിൽ നിരവധി ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായിരുന്നു. ഗസ്സ സിറ്റിയിലും അഭയാർഥികൾ കഴിയുന്ന അൽമവാസിയിലും ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

