ഗസ്സ വെടിനിർത്തൽ: കെയ്റോ ചർച്ചയിലേക്ക് ഇസ്രായേൽ പ്രതിനിധി സംഘത്തെ അയക്കില്ല
text_fieldsകെയ്റോ: ഗസ്സയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങളിൽ കെയ്റോയിൽ നടക്കുന്ന ചർച്ചയിലേക്ക് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന് ഇസ്രായേൽ തീരുമാനം. മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥന്‍റെ പ്രതികരണം സി.എൻ.എൻ ആണ് റിപ്പോർട്ട് ചെയ്തത്.
ചർച്ചയുടെ ഭാഗമായി കൈമാറിയ ആവശ്യങ്ങളിൽ ഹമാസ് നിലപാട് വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന് ഇസ്രായേൽ അധികൃതർ തീരുമാനിച്ചത്. ബന്ദികളുടെ വിശദമായ പട്ടിക, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങൾ, ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രായേൽ ജയിലിൽ നിന്ന് വിട്ടയക്കേണ്ട ഫലസ്തീനികളുടെ എണ്ണം എന്നീ കാര്യങ്ങളാണ് ഇസ്രായേൽ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, ഗസ്സയിൽ സ്ഥിരം വെടിനിർത്തൽ നടപ്പാക്കുക, ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേലി സൈനികരെ പിൻവലിക്കുക, വടക്കൻ ഗസ്സയിലേക്ക് പലായനം ചെയ്ത ഫലസ്തീനികളെ തെക്കൻ ഗസ്സയിൽ തിരികെ എത്തിക്കുക എന്നിവയാണ് ചർച്ചയിൽ ഹമാസ് മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ.
കെയ്റോ ചർച്ചയിലേക്ക് പ്രതിനിധികളെ അയച്ചില്ലെങ്കിലും ആറാഴ്ചത്തെ വെടിനിർത്തൽ ഇസ്രായേൽ ഭരണകൂടം അംഗീകരിച്ചതായാണ് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. എന്നാൽ, മന്ദഗതിയിലെ ചർച്ച റമദാനിന് മുമ്പായി വെടിനിർത്തൽ നടപ്പാക്കാനുള്ള നീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ചർച്ചക്കായി ഖത്തർ, യു.എസ്, ഹമാസ് പ്രതിനിധികൾ ഈജിപ്തിലെ കൈറോയിൽ എത്തിയിട്ടുണ്ട്. തങ്ങൾ മുന്നോട്ടുവെക്കുന്ന വ്യവസ്ഥ അംഗീകരിക്കാൻ ഇസ്രായേൽ സന്നദ്ധമാവുകയാണെങ്കിൽ ബന്ദി കൈമാറ്റത്തിന് രണ്ടു ദിവസം മതിയെന്ന് ഹമാസ് പ്രതികരിച്ചിരുന്നു.
ഇന്നലെ ഗസ്സയിലെ റഫയിൽ അഭയാർഥികൾ താമസിച്ച തമ്പിൽ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 11 പേർ കൊലപ്പെട്ടിരുന്നു. കുട്ടികളടക്കം 90 പേരാണ് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവർ 30,410 ആയി. 71,700 പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

