റഫ ക്രോസിങ് വീണ്ടും തുറക്കാനുള്ള നീക്കവുമായി ഇസ്രായേൽ; ഗസ്സക്കാരെ കർശന സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കും
text_fieldsഗസ്സ സിറ്റി: ഗസ്സയുടെ പ്രധാന അതിർത്തിയായ റഫ ക്രോസിങ് വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇസ്രായേൽ ആരംഭിച്ചതായി റിപ്പോർട്ട്. രോഗികളും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ഫലസ്തീനികൾ വിദേശത്ത് അടിയന്തര വൈദ്യസഹായം തേടുന്നതിനിടയിലാണിത്.
ഫലസ്തീനിൽ അവശേഷിക്കുന്ന അവസാനത്തെ ഇസ്രായേലി ബന്ദിയുടെ മൃതദേഹം തിരികെ നൽകിയാൽ ഗസ്സയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ റഫ അതിർത്തി ഭാഗികമായി തുറന്നു കൊടുക്കാമെന്ന് ഇസ്രായേൽ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച, പൊലീസ് ഉദ്യോഗസ്ഥനായ റാന്‍ഗ്വിലിയുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു.
എന്നാൽ, യുദ്ധം തകർത്ത പ്രദേശം വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഫലസ്തീനികൾക്കോ യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ പലായനം ചെയ്തവർക്കോ മാത്രമേ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമായി ക്രോസിങ് തുറക്കൂ എന്ന് ഇസ്രായേൽ പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങൾക്കിടെ തുറന്നാലും എത്ര ഫലസ്തീനികൾക്ക് അതിലൂടെ കടന്നുപോകാൻ കഴിയുമെന്ന് ഉറപ്പില്ലെന്ന് ഗസ്സയിലെ ഉദ്യോഗസ്ഥൻ പറയുന്നു.
വംശഹത്യാ യുദ്ധത്തിന് മുമ്പ് ഗസ്സയിലുള്ളവർക്ക് പുറം ലോകത്തേക്കുള്ള ഏക എക്സിറ്റ് പോയിന്റും സഹായത്തിനുള്ള ഒരു പ്രധാന പ്രവേശന പോയിന്റുമായിരുന്നു ഈജിപ്തുമായുള്ള റഫ ക്രോസിങ്. 2024 മെയ് മുതൽ ഇത് മിക്കവാറും അടച്ചിട്ടിരിക്കുകയാണ്.
ഗസ്സ നിവാസികൾക്ക് കാൽനടക്കായി മാത്രമേ ഇരു ദിശകളിലേക്കും ക്രോസിങ് വീണ്ടും തുറക്കൂ എന്നും അതിന്റെ പ്രവർത്തനം ഈജിപ്തുമായും യൂറോപ്യൻ യൂനിയനുമായും ഏകോപിപ്പിക്കുമെന്നും ഇസ്രായേലി സൈനിക യൂനിറ്റായ കോഗട്ട്ഗ പറഞ്ഞു.
യൂറോപ്യൻ യൂനിയന്റെ ദൗത്യവുമായി അടുത്ത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു. തിങ്കളാഴ്ച യാത്രക്കാർക്കായി ക്രോസിങ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഫലസ്തീൻ ഉദ്യോഗസ്ഥനും പറഞ്ഞു. എന്നാൽ, വിഷയത്തോട് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ഫലസ്തീൻ വിടാൻ സാധ്യതയുള്ളവരിൽ പലരും വിദേശത്ത് വൈദ്യസഹായം ആവശ്യമുള്ള രോഗികളും പരിക്കേറ്റവരുമാണ്. ഗസ്സയിൽനിന്ന് പുറത്തു കടക്കാൻ കാത്തിരിക്കുന്ന 20,000ത്തോളം രോഗികൾ ഉണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്രോസിങ് വഴി കടന്നുപോകേണ്ട ആളുകളുടെ പട്ടിക ഈജിപ്ത് സമർപ്പിക്കുകയും ഇസ്രായേൽ അംഗീകരിക്കുകയും ചെയ്തിരുന്നുവെന്ന് ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഒരു പ്രധാന ആവശ്യകതയായിരുന്നു അതിർത്തി കടന്നുള്ള വഴി വീണ്ടും തുറക്കുക എന്നത്. എന്നാൽ, രണ്ടു വർഷത്തെ യുദ്ധത്തിനുശേഷം ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും അത് പലതവണ ലംഘിക്കപ്പെട്ടു.
ഒക്ടോബറിലെ വെടിനിർത്തൽ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ദിവസങ്ങളിലൊന്നിൽ വടക്കൻ, തെക്കൻ ഗസ്സയിൽ നടന്ന ഒന്നിലധികം ഇസ്രായേലി വ്യോമാക്രമണങ്ങളിൽ ആറു കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 31 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഗസ്സയിൽ 500ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

