വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കാൻ നീക്കവുമായി ഇസ്രായേൽ, നിയമവിരുദ്ധനീക്കത്തെ ചെറുക്കണമെന്ന് ഫലസ്തീൻ
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ വലിയൊരു ഭാഗത്തിന്റെയും സമ്പൂർണ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നിയമവിരുദ്ധ നടപടികളുമായി ഇസ്രായേൽ സർക്കാർ മുന്നോട്ട്. എല്ലാ നിയമങ്ങളും ലംഘിച്ച് ഇസ്രായേലിലേക്കുള്ള വെസ്റ്റ്ബാങ്കിന്റെ യഥാർഥ കൂട്ടിച്ചേർക്കലാണിതെന്ന് ഫലസ്തീൻ അതോറിറ്റി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
ഇസ്രായേലിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വെസ്റ്റ്ബാങ്കിൽ ഭൂമി വാങ്ങാനും രജിസ്റ്റർ ചെയ്യാനുമുള്ള നടപടികൾ ലഘൂകരിക്കുന്ന നിയമഭേദഗതിക്ക് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 1967ൽ വെസ്റ്റ്ബാങ്ക് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതിനുശേഷം ആദ്യമായാണ് വലിയ തോതിൽ ഭൂമി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനായി ഇസ്രായേൽ സംവിധാനമൊരുക്കുന്നത്.
ഭൂമി രജിസ്ട്രേഷനിൽ ക്രമീകരണം കൊണ്ടുവരുന്ന ഭരണപരമായ നടപടി എന്നാണ് നടപടിയെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ന്യായീകരിക്കുന്നത്. അതേസമയം, കുടിയേറ്റം വർധിപ്പിക്കുകയും വെസ്റ്റ്ബാങ്കിൽ ഇസ്രായേലിന്റെ നിയന്ത്രണം ഉറപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രിമാർ തുറന്നടിച്ചിട്ടുമുണ്ട്.
ഇസ്രായേലിന്റെ പുതിയ നീക്കം വെസ്റ്റ് ബാങ്കിലെ ‘ഏരിയ സി’ എന്നറിയപ്പെടുന്ന പ്രദേശത്തിനും ബാധകമാകും. ഏതാണ്ട് 180,000-300,000 ഫലസ്തീനികളും 325,500 കുടിയേറ്റക്കാരും ഇവിടെയുണ്ടെന്ന് ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബിറ്റ്സെലെം പറയുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതും നിയമവിരുദ്ധമായി ഫലസ്തീൻ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇസ്രായേലിന്റെ നീക്കമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിച്ചു. അതിനിടെ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

