നേരിട്ടുള്ള വിമാന സർവീസുകളും എംബസികളും; ഇസ്രായേലുമായി നയതന്ത്ര ബന്ധം ശക്തമാക്കി മൊറോക്കോ
text_fieldsഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദോൻ സാർ, മൊറോക്കോ വിദേശകാര്യ മന്ത്രി നാസ്സർ ബൗരിത, യു.എൻ യു.എസ് അംബാസഡർ മൈക്ക് വാൾട്സിനൊപ്പം ന്യൂയോർക്കിൽ
റബാത്ത്: ഇസ്രായേലും മൊറോക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലും എംബസികൾ തുറക്കാനും അംബാസഡർമാരെ നിയമിക്കാനും ധാരണയായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അബ്രഹാം ഉടമ്പടിയുടെ ആറാം വാർഷികത്തിന് തൊട്ടടുത്ത ദിവസമാണ് ഇരുരാജ്യങ്ങളുടെയും ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ മൈക്ക് വാൾട്സിന്റെ ആതിഥേയത്വത്തിൽ നടന്ന യോഗത്തിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദോൻ സാറും മൊറോക്കോ വിദേശകാര്യ മന്ത്രി നാസ്സർ ബൗരിതയും തമ്മിലാണ് നിർണായക ചർച്ചകൾ നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പൂർണ തോതിലുള്ള നയതന്ത്ര ബന്ധവും സൗഹൃദവും ഇരു രാജ്യങ്ങളുടെയും പൊതു താല്പര്യമാണെന്നും ഇത് സമാധാനത്തിന്റെ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുമെന്നും മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നയതന്ത്ര ബന്ധം ഉയർത്തുന്നതിന് പുറമെ സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപ സംരക്ഷണം, ഇരട്ട നികുതി ഒഴിവാക്കൽ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന കരാറുകൾ ഈ വർഷാവസാനത്തോടെ പൂർത്തിയാക്കാൻ യോഗത്തിൽ ധാരണയായി.
കൂടാതെ, ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികളുടെ നേതൃത്വത്തിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും വ്യോമയാന യാത്രകൾ വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. വരും മാസങ്ങളിൽ ഇരുരാജ്യങ്ങളുടെയും ഉയർന്ന തലത്തിലുള്ള ഔദ്യോഗിക സന്ദർശനങ്ങളും ഉണ്ടാകുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അതേസമയം, അറബ് ലോകത്തിന്റെ പൊതുവികാരങ്ങളെയും ഫലസ്തീൻ പ്രശ്നത്തെയും അവഗണിച്ചുകൊണ്ട് ഇത്തരം ഉച്ചകോടികളും നയതന്ത്ര സാധാരണീകരണങ്ങളും നടത്തുന്നതിനെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ പൂർണമായി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, മേഖലയിലെ സമാധാനത്തിന് ഇത്തരം കരാറുകൾ ശാശ്വത പരിഹാരമാകില്ലെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇത്തരം കൂട്ടായ്മകൾ ഇസ്രായേലിന്റെ അധിനിവേശ നടപടികൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരമായി മാറുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

