'നമ്മുടെ പക്കൽ ജനമുണ്ട്'; സഈദിനെ പരാജയപ്പെടുത്താൻ ഇസ്രായേൽ ലോബി 'ഐപാക്കി'റക്കിയത് 39 മില്യൺ ഡോളർ, എന്നിട്ടും തോറ്റു
text_fieldsവാഷിങ്ടൺ: യു.എസ് സെനറ്റിലേക്ക് മത്സരിച്ച് മിഷിഗണിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് വിജയിച്ച ഈജിപ്ഷ്യൻ-അമേരിക്കൻ ഡെമോക്രാറ്റിക് സ്ഥാനാർഥി ഡോ. അബ്ദുൽ അൽ സഈദിനെ പരാജയപ്പെടുത്താൻ പ്രോ-ഇസ്രായേൽ ലോബിയായ എ.ഐ.പി.എ.സി (AIPAC - American Israel Public Affairs Committee) 39 മില്യൺ ഡോളറിലധികം (ഏകദേശം 325 കോടിയിലധികം രൂപ) ചെലവഴിച്ചതായി സ്വതന്ത്ര അമേരിക്കൻ സെനറ്റർ ബേണി സാണ്ടേഴ്സ് വെളിപ്പെടുത്തി. സാണ്ടേഴ്സ് തന്റെ 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സിനെതിരെയാണ് സഈദ് മിഷിഗൺ സെനറ്റ് സീറ്റിൽ മത്സരിച്ച് വിജയിച്ചത്. ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പിൽ സഈദിനെ തോൽപ്പിക്കാൻ 30 മില്യൺ ഡോളറാണ് എ.ഐ.പി.എ.സി ചെലവിട്ടത്. തുടർന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മൈക്ക് റോജേഴ്‌സിന്റെ പ്രചാരണത്തിനായി അവർ ഒൻപത് മില്യൺ ഡോളർ കൂടി ഒഴുക്കിയതായി സാണ്ടേഴ്സ് വ്യക്തമാക്കി.
"എന്നാൽ ഇവിടെയൊരു നല്ല വാർത്തയുണ്ട് എ.ഐ.പി.എ.സിയുടെ സാമ്പത്തിക സ്വാധീനത്തെ ചെറുക്കാൻ അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങൾ 12 മില്യൺ ഡോളറാണ് സഈദിന്റെ പ്രചാരണത്തിനായി സംഭാവനയായി നൽകിയത്. അവരുടെ പക്കൽ പണമുണ്ടാകാം, എന്നാൽ നമ്മുടെ പക്കൽ ജനങ്ങളുണ്ട്. നമ്മൾ വിജയിച്ചു," സാണ്ടേഴ്സ് കൂട്ടിച്ചേർത്തു.
പ്രൈമറി തെരഞ്ഞെടുപ്പിൽ എ.ഐ.പി.എ.സിയുടെ ഭീമമായ സാമ്പത്തിക പിൻബലത്തോടെ മത്സരിച്ച ഹേലി സ്റ്റീവൻസിനെ പരാജയപ്പെടുത്തിയാണ് സഈദ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം ഉറപ്പിച്ചത്. വാഷിങ്ടൺ പോസ്റ്റിന്റെ കണക്കുകൾ പ്രകാരം പ്രൈമറിയിലും പൊതുതെരഞ്ഞെടുപ്പിലുമായി ഗ്രൂപ്പ് നടത്തിയ വൻ ഇടപെടൽ ഇസ്രായേൽ അനുകൂല സംഘടനകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഫണ്ടിങുകളിൽ ഒന്നാണ്.
ഗസ്സ മുനമ്പിലെ ഇസ്രായേൽ സൈനിക നടപടികളെ ശക്തമായി വിമർശിക്കുകയും യു.എസ് നൽകുന്ന സൈനിക സഹായം നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നേതാവാണ് ഡോ. അബ്ദുൽ അൽ സഈദ്. ബേണി സാണ്ടേഴ്സ് അടക്കമുള്ള പ്രമുഖ പ്രോഗ്രസീവ് നേതാക്കളുടെ പൂർണ്ണ പിന്തുണയോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

