
കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും വിഛേദിക്കപ്പെട്ട് ഗസ്സ; മരണം കൂടുന്നു
text_fieldsജറൂസലം: ആക്രമണം ഉടൻ അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ താത്കാലിക പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഗസ്സക്കു മേൽ ആക്രമണം വീണ്ടും ശക്തം. ഗസ്സയിൽ ഇതുവരെ 58 കുട്ടികളും 34 സ്ത്രീകളുമുൾപെടെ 192 മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് കുട്ടികളുൾപെടെ 10 പേരും മരിച്ചു.
എട്ടുദിവസത്തിനിടെ ഏറ്റവും കനത്ത ആക്രമണം കണ്ട ഞായറാഴ്ച 42 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
കുടുംബങ്ങൾ താമസിച്ച മുന്നു കെട്ടിടങ്ങൾ ഇസ്രായേലി ബോംബറുകൾ തകർത്തപ്പോൾ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ ഹമാസ് മേധാവി യഹ്യ സിൻവറിന്‍റെ വീടും തകർക്കപ്പെട്ടു. തിങ്കളാഴ്ചയും ഏറ്റവും കടുത്ത ആക്രമണമാണ് ഇസ്രായേൽ തുടരുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നഗരത്തിന്‍റെ തെക്ക്, പടിഞ്ഞാർ മേഖലകളിൽ നടക്കുന്ന ആക്രമണത്തിൽ ആളപായം അറിവായിട്ടില്ല. തിങ്കളാഴ്ച മാത്രം 55 വ്യോമാക്രമണങ്ങളാണ് ഗസ്സയിൽ ഇസ്രായേൽ നടത്തിയത്. താമസ കേന്ദ്രങ്ങൾക്ക് പുറമെ നഗരത്തിൽനിന്ന് മാറി ഒഴിഞ്ഞ ഭൂമികളിലും ബോംബ് വർഷം നടന്നു. നഗര മധ്യത്തിലെ നാലു കെട്ടിടം ബോംബിട്ടുതകർത്തിട്ടുണ്ട്. ഇവിടെ ആക്രമണ സമയം താമസക്കാർ ഇല്ലായിരുന്നുവെന്നാണ് സൂചന.
വിവിധ കെട്ടിടങ്ങൾ തകർക്കപ്പെടുകയും നിരത്തുകൾ ബോംബുവർഷത്തിന്‍റെ അവശിഷ്ടങ്ങളാൽ നിറയുകയും ചെയ്തതോടെ ഗസ്സയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുകയാണ്. വൈദ്യുതി ലൈനുകൾ നേരത്തെ തകർത്ത ഇസ്രായേൽ കുടിവെള്ള വിതരണ സംവിധാനവും ബോംബിട്ട് നശിപ്പിച്ചിട്ടുണ്ട്.
നഗരത്തിൽ 10 വൈദ്യുതി ലൈനുകളിൽ ആറും നിശ്ചലമാണ്. ഇതോടെ, പകുതി ഇടങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട് ദിവസങ്ങളായി. അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ പൂർണമായും ഇരുട്ടിലാണ്.
ആക്രമണത്തിനു പുറമെ സന്നദ്ധ പ്രവർത്തകർക്ക് ഗസ്സയിൽ പ്രവേശന വിലക്കും ഇസ്രായേൽ ഏർപെടുത്തിയത് കടുത്ത മാനുഷിക ദുരന്തത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് യു.എൻ ജീവകാരുണ്യ ഓഫീസ് (ഒ.സി.എച്ച്.എ) മുന്നറിയിപ്പ് നൽകി.
കാലികൾക്ക് നൽകാനുള്ള ഭക്ഷ്യ വസ്തുക്കൾ പോലും അതിർത്തിക്കപ്പുറത്ത് പിടിച്ചിട്ടുണ്ട്.
മത്സ്യബന്ധനത്തിന് ഗസ്സയിൽനിന്ന് ഫലസ്തീനികൾക്ക് കടലിൽ പോകുന്നതിനും ഇസ്രായേൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടൽവെള്ള സംസ്കരണ പ്ലാന്‍റ് ഇവിടെ നിശ്ചലമായത് കുടിവെള്ളം കിട്ടാക്കനിയാക്കിയ മേഖലകളുണ്ട്.
ഗസ്സ ദുരിതഭൂമിയായി മാറിയതോടെ പലായനം ചെയ്യുന്നവരുടെ സംഖ്യ കുത്തനെ ഉയരുകയാണ്. 40 സ്കൂളുകളിലായി തുറന്ന അഭയാർഥി കേന്ദ്രങ്ങളിൽ ഇതുവരെ 17,000 പേരെ പാർപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
