ഇറാനെ ആക്രമിച്ച് ഇസ്രായേൽ, തെഹ്റാനിൽ കനത്ത വ്യോമാക്രമണം
text_fieldsതെഹ്റാൻ: ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലടക്കം ശക്തമായ ആക്രമണം നടത്തി ഇസ്രായേൽ. ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി, സായുധസേന മേധാവി ജനറൽ മുഹമ്മദ് ബഗേരി, മുതിർന്ന ആണവ ശാസ്ത്രജ്ഞനും ഇസ്‍ലാമിക് ആസാദി യൂനിവേഴ്സിറ്റി പ്രസിഡന്‍റുമായ മുഹമ്മദ് മഹ്ദി, ആണവ ശാസ്ത്രജ്ഞനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫരീദൂൻ അബ്ബാസി, റെവലൂഷനറി ഗാർഡ് മിസൈൽ പദ്ധതി മേധാവി ജനറൽ അമീർ അലി ഹജിസാദെ എന്നീ പ്രമുഖർ ഉൾപ്പെടെ കൊല്ലപ്പെട്ടു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുതിർന്ന ഉപദേശകൻ അലി ശംഖാനിക്ക് ആക്രമണത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചയാണ് തെഹ്റാനിലെ നൂറോളം കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണമുണ്ടായത്. നതാൻസ് ആണവകേന്ദ്രത്തിൽ നാശനഷ്ടമുണ്ടായി.
ജനവാസകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി ഇറാൻ ആരോപിച്ചു. 200ഓളം യുദ്ധവിമാനങ്ങൾ ദൗത്യത്തിൽ പങ്കുവഹിച്ചതായി ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. പകൽ വീണ്ടും ആക്രമണമുണ്ടായി. ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ആക്രമണത്തെതുടർന്ന് ഇറാൻ വ്യോമപാത അടച്ചു. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യു.എസ് പ്രഖ്യാപിച്ചെങ്കിലും ഇറാൻ ഇത് തള്ളുന്നു. യു.എസിന്റെ അറിവോടെയും പങ്കാളിത്തത്തോടെയുമാണ് ഈ അതിക്രമമെന്നും അവരും അനുഭവിക്കേണ്ടിവരുമെന്നും ഇറാൻ റെവലൂഷനറി ഗാർഡ് വ്യക്തമാക്കി.
ഇറാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരാൻ അഭ്യർഥിച്ചു. വെള്ളിയാഴ്ച പകൽ ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ പ്രത്യാക്രമണം നടത്തി. രാജ്യത്തിന്റെ വ്യോമപരിധിക്ക് പുറത്തുതന്നെ ഇതിനെ പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.
ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന സൂചന നിലനിൽക്കെ ജോർഡൻ വ്യോമപാത അടച്ചു. ജോർഡന് മുകളിലൂടെ ഇറാൻ യുദ്ധവിമാനങ്ങളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ തിരിച്ചാക്രമിക്കാൻ ശ്രമിച്ചത് ജോർഡൻ സൈന്യം തടഞ്ഞു.
മേജർ ജനറൽ മുഹമ്മദ് പക്പൂർ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡിന്റെയും അബ്ദുൽ റഹീം മൂസാവി സായുധസേനയുടെയും തലവന്മാരായി ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

