ഗസ്സയിൽ വീണ്ടും കരയാക്രമണം തുടങ്ങി ഇസ്രായേൽ
text_fieldsഗസ്സ: ഗസ്സയിൽ ഭാഗികമായ രീതിയിൽ കരയാക്രമണം തുടങ്ങി ഇസ്രായേൽ. നെറ്റ്സെരിം ഇടനാഴിയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായാണ് ആക്രമണം. ഗസ്സ വിഭജിക്കുന്നതും പ്രദേശത്തിന്റെ നിയന്ത്രണത്തിന് അത്യാവശ്യമെന്നും കരുതുന്ന റോഡാണ് നെറ്റ്സെരിം. ഈ പാതയുടെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കുന്നതിനായാണ് ഇസ്രായേൽ പ്രധാനമായും ആക്രമണം പുന:രാരംഭിച്ചിരിക്കുന്നത്.
ബുധനാഴ്ച മാത്രം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 70 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 436 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 183 കുട്ടികളും ഉൾപ്പെടുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ 49,547 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 112,719 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്.
നേരത്തെ ഗസ്സയിലേക്ക് സഹായം എത്തുന്നത് 18 ദിവസമായി ഇസ്രായേൽ തടഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. ഹമാസിനെ തകർക്കുകയും ഗസ്സയുടെ ഭാവിയിൽ അവർക്ക് പങ്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
ഇസ്രായേൽ ആക്രമണം തുടരുമ്പോഴും ചർച്ചക്ക് തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. അതേസമയം, ഇരുകൂട്ടരും ഒപ്പുവെച്ച വെടിനിർത്തൽ കരാർ നിലവിലിരിക്കെ, പുതിയ കരാറിന്റെ ആവശ്യമില്ലെന്ന് ഹമാസ് വക്താവ് താഹിർ അൽ നോനോ പറഞ്ഞു. ഇസ്രായേൽ ഏകപക്ഷീയമായി വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിൽ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.