ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 200 പേർ കൊല്ലപ്പെട്ടുവെന്ന് മീഡിയ ഓഫീസ്
text_fieldsഗസ്സ: സെൻട്രൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 200 പേർ കൊല്ലപ്പെട്ടുവെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫീസ്. ഗസ മുനമ്പിൽ വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇത് സെൻട്രൽ ഗസ്സയിലെ ജനങ്ങൾക്കിടയിൽ കടുത്ത ഭീതിയുണ്ടാക്കിയിട്ടുണ്ട്.
ശനിയാഴ്ച സെൻട്രൽ ഗസ്സയിലെ ദേർ എൽ-ബാല, നുസ്രേത്ത് എന്നിവിടങ്ങളിൽ നിരവധി വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. റഫയുടെ പടിഞ്ഞാറ്, കിഴക്ക്, വടക്ക് ഭാഗങ്ങളിലും ആക്രമണമുണ്ടായി. നിരവധി പേർ ആക്രമണത്തിൽ പരിക്കേറ്റ് അൽ-അക്സ മാർട്ടിയർ ആശുപത്രിയിൽ ചികിത്സ തേടിയതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിപക്ഷവും കുട്ടികളും വനിതകളുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പരിക്കേറ്റ പലരും നിലത്താണ് കിടക്കുന്നത്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരോഗ്യപ്രവർത്തകർ തുടരുകയാണ്. ആശുപത്രികളിൽ പ്രാഥമിക സൗകര്യം മാത്രമേയുള്ളു. മരുന്നുകൾക്കും ഭക്ഷണത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇന്ധനമില്ലാത്തതിനാൽ ആശുപത്രിയിലെ പ്രധാന ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. പരിക്കേറ്റ നിരവധി പേർ ഇപ്പോഴും തെരുവുകളിൽ കിടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഹമാസിനെ ലക്ഷ്യമിടുന്നുവെന്ന പേരിൽ മാസങ്ങൾക്കിടെ ഗസ്സയിൽ 8000 കുരുന്നുകളെ കൂട്ടക്കൊല നടത്തിയ ഇസ്രായേലിനെ കരിമ്പട്ടികയിൽപെടുത്തി യു.എൻ. ഒരു വർഷത്തിനിടെ കുട്ടികൾക്കു നേരെയുള്ള അതിക്രമം കണക്കിലെടുത്താണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഇസ്രായേലിനെ കരിമ്പട്ടികയിൽ പെടുത്തിയത്.
കുട്ടികളുടെ കുരുതിക്ക് പുറമെ അടിയന്തര സഹായ വാഹനങ്ങൾക്ക് അനുമതി നിഷേധിക്കലും സ്കൂളും ആശുപത്രികളും തകർക്കലും ഇസ്രായേലിനെ പട്ടികയിൽപെടുത്താൻ കാരണമായതായാണ് വിശദീകരണം. അടുത്തയാഴ്ച രക്ഷാസമിതിക്ക് മുമ്പാകെ അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇസ്രായേലിന്റെ പേരുള്ളത്. ഹമാസ്, ഫലസ്തീനിയൻ ഇസ്‍ലാമിക് ജിഹാദ് സംഘടനകളെയും യു.എൻ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

