ഗസ്സയിൽ ഭക്ഷണം കാത്തുനിന്നവരെ ആക്രമിച്ച് 25ലേറെ പേരെ കൊലപ്പെടുത്തി ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ഗസ്സ സിറ്റിക്ക് പടിഞ്ഞാറ് നെറ്റ്സരിം ഇടനാഴിക്ക് സമീപം ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 25ലേറെ പേർ കൊല്ലപ്പെട്ടു. സഹായ വിതരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഗസ്സയിൽ വ്യാപകമാവുകയാണ്.
പടിഞ്ഞാറൻ ഗസ്സയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. അഭയാർഥികൾക്കുള്ള ടെന്‍റിന് നേരെയായിരുന്നു ഡ്രോൺ ആക്രമണം. ഇതോടൊപ്പം, അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം നടത്തി. ഒരാൾ കൊല്ലപ്പെട്ടതായും 10 പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കടുത്ത മാനുഷിക ദുരന്തം നേരിടുന്ന ഗസ്സയിൽ അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് പുല്ലുവില നൽകിക്കൊണ്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച 60 പേരെയാണ് കൊലപ്പെടുത്തിയത്. ഗസ്സ സിറ്റിയിൽ ഒരു മാധ്യമപ്രവർത്തകനും മൂന്ന് ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടവരിലുൾപ്പെടും.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 2023 ഒക്ടോബർ ഏഴിന് ശേഷം 55,000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. മാർച്ച് 18ന് വെടിനിർത്തൽ ലംഘിച്ചതിന് ശേഷം മാത്രം കൊല്ലപ്പെട്ടത് 4700ലേറെ േപരാണ്.
അതേസമയം, ഗസ്സയിലേക്കുള്ള യാത്രക്കിടെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത മെഡ്ലീൻ കപ്പലിലെ യാത്രക്കാരായ ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്ന നടപടികൾ തുടരുകയാണ് ഇസ്രായേൽ. യാത്രക്ക് നേതൃത്വം നൽകിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് അടക്കമുള്ള 12 ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ സൈന്യം കപ്പൽ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റയെ സ്വീഡനിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.